മറവി രോഗം ബാധിച്ച ഭാര്യയുടെ ചികില്‍സാ നാളുകളിലെ ഏകാന്തതയെ മറികടക്കാന്‍ ആരംഭിച്ചതാണ് ചിത്രംവര. ഇന്ന് തൃശൂര്‍ സ്വദേശിയായ എഴുപത്തിയേഴുകാരന്‍ എം.ഡി അബ്രഹാമിന് ചിത്രംവര ജീവിതത്തിന്‍റെ ഒരു ഭാഗമാണ്
മറവി രോഗം ബാധിച്ച ഭാര്യ ക്ലാരയുടെ ചികില്‍സ നാളുകള്‍. അന്ന് തൃശൂര്‍ സ്വദേശിയായ എം.ഡി അബ്രഹാമിന്‍റെ ജീവിതം ചികില്‍സ മുറിയുടെ കോണുകള്‍ക്കുള്ളില്‍ ഒതുങ്ങി . ഭാര്യയുടെ രോഗാവസ്ഥയില്‍ മനസിന്‍റെ നിറം മങ്ങാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അബ്രഹാമിന് മനസിലായി. അതിനെ മറികടക്കാന്‍ ജീവിത്തതിലെ തിരക്കിനിടയില്‍ എപ്പോഴോ മറഞ്ഞു പോയ ചിത്രംവരയെ അദ്ദേഹം കൂട്ടുപിടിച്ചു. പിന്നീട് ഭാര്യയുടെ മരണശേഷം ചിത്രംവര സന്തത സഹചാരിയായി.
നേരില്‍ കണ്ടതും വായനയിലൂടെ പതിഞ്ഞതുമായ കാഴ്ച്ചകള്‍ക്ക് കാന്‍വാസിലൂടെ അദ്ദേഹം നിറം പകര്‍ന്നു. ബൈബിള്‍ വായിച്ച് ഹൃദയത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ മുതല്‍ മഴയത്ത് മക്കളെ ചിറകിനടിയില്‍ ഒളിപ്പിച്ച അമ്മക്കിളിയും അദ്ദേഹത്തിന്‍റെ കാന്‍വാസിലേക്കെത്തി. കവിതകളിലൂടെ കേട്ടു പതിഞ്ഞ രമണനും വാഴക്കുലയ്ക്കും കാന്‍വാസില്‍ പുതുരൂപമേകി. സന്ധ്യാശോഭ എന്ന പേരില്‍ അദ്ദേഹത്തിന്‍റെ മുപ്പത്തിയൊന്‍പത് ചിത്രങ്ങളാണ് തൃശൂര്‍ ലളിതകലാ അക്കാദിമിയില്‍ പ്രദര്‍ശിപ്പിച്ചത്. ഇനി അടുത്ത ചിത്രത്തിനു രൂപം നല്കാനുള്ള തയ്യാറെടുപ്പിലാണ് അബ്രഹാം.