വൈറല്‍ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസയ്ക്ക് വാലന്റൈൻസ് ഡേ സമ്മാനം നല്‍കി ബോബി ചെമ്മണ്ണൂര്‍. സ്വര്‍ണമാലയാണ് ബോച്ചെ മൊണാലിസയുടെ കഴുത്തില്‍ അണിയിച്ചത്. പതിനായിരം രൂപ വിലയുള്ള മാലയാണെന്ന് ബോബി പറഞ്ഞു. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറഞ്ഞു.കൂളിംഗ് ഗ്ലാസും കറുത്ത കോട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് മോനി ഭോസ്‌ലെ കേരളത്തിലെത്തിയത്.
15 ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെ ചടങ്ങിന് എത്തിച്ചതെന്നാണ് വിവരം. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ മോനിയുടെ പ്രത്യേകത. മഹാകുംഭമേളയില്‍ മാല വില്‍പനക്കെത്തിയപ്പോഴാണ് മോനിയുടെ കണ്ണും മുഖവും കാമറകളില്‍ പതിഞ്ഞതും ഒറ്റദിവസം കൊണ്ട് താരമായതും. മൊണാലിസ എന്ന വിളിപ്പേരില്‍ പ്രശസ്തയായതോടെ മോനിയെ കാണാന്‍ ആളുകള്‍ തിക്കിത്തിരക്കി. ഇതോടെ മോനിയും കുടുംബവും പ്രയാഗ് രാജില്‍ നിന്ന് സ്ഥലം വിട്ടു.