ആലപ്പുഴയിലെ ഏഴുവയസുകാരനായ വിദ്യാർഥി ഗ്രീസിൽ നടക്കുന്ന രാജ്യാന്തര ചെസ് മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി. നെയ്തൽ ഡി അൻസേര എന്ന രണ്ടാം ക്ലാസുകാരന് മൽസരത്തിൽ പങ്കെടുക്കണമെങ്കിൽ സർക്കാരോ മറ്റേതെങ്കിലും സംഘടനകളോ സഹായിക്കണം. ആലപ്പുഴയിൽ നിന്ന് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ രാജ്യാന്തര ചെസ് മൽസരത്തിൽ പങ്കെടുക്കുന്നത്.
7 വയസ്സും 9 മാസവുമാണ് ഇപ്പോൾ നെയ്തലിന് പ്രായം. ആലപ്പുഴ മാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി. ആദ്യമായി ചെസ് മൽസരത്തിനിറങ്ങുന്നത് ഒരു വർഷം മുൻപ് . തുടർന്ന് പങ്കെടുത്ത 36ഓളം ചെസ് മൽസരങ്ങളിൽ 16 എണ്ണത്തിൽ ചാമ്പ്യനായി. ഏഴുവയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലെ ജില്ലാ - സംസ്ഥാന ചാമ്പ്യനാണ്. 2024 സെപ്റ്റംബറിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലെ മിന്നും പ്രകടനമാണ് ലോക ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്. ഗ്രീസിൽ അടുത്ത ഏപ്രിലിലാണ് മൽസരം . അവിടേക്ക് പോകാനുള്ള ചിലവ് എങ്ങനെ കണ്ടെത്തും എന്നതാണ് കുഞ്ഞു ചാമ്പ്യനെയും കുടുംബത്തെയും അലട്ടുന്ന പ്രശ്നം
ഒരുവർഷം കൊണ്ടുതന്നെ ചെസിന്റെ 3 വിഭാഗങ്ങളിലും രാജ്യാന്തര ചെസ് ഫെഡറേഷൻ എഫ്.ഐ.ഡി.യുടെ റേറ്റിങ് നെയ്തലിന് കിട്ടി. വേൾഡ് കെഡറ്റ് ആൻഡ് യൂത്ത് റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലാണ് പങ്കെടുക്കുന്നത്. എട്ടുവയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മൽസരം. 7 ലക്ഷം രൂപയോളം യാത്രാ ചിലവിനും താമസത്തിനും വേണം. വെള്ളിയാഴ്ചയാണ് റജിസ്ട്രേഷൻ നടത്താനുള്ള അവസാന ദിവസം . ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഈ കുരുന്നിന് അവസരമൊരുക്കാൻ സർക്കാരോ മറ്റേതെങ്കിലും സംഘടനകളോ സഹായിക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.