പ്രതീകാത്മക ചിത്രം | AI Generated
പുതിയൊരു തട്ടിപ്പില്‍ പെട്ടുനില്‍ക്കുകയാണ് മലയാളികള്‍. സംസ്ഥാനമെമ്പാടും വന്‍കിട കമ്പനികളുടെ സി.എസ്.ആര്‍.ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് സ്കൂട്ടര്‍ എന്ന മോഹനവാഗ്ദാനത്തിലാണ് ഇത്തവണ മലയാളി വീണത്. അനന്തു കൃഷ്ണന്‍ എന്ന ഒരു പ്രതിയില്‍ തുടങ്ങി രാഷ്ട്രീയനേതാക്കളും പ്രമുഖരും പ്രതിപ്പട്ടികയില്‍ വന്നുതുടങ്ങി. ഓരോ ജില്ലയിലും നൂറുകണക്കിന് പരാതികളും കേസുകളും. ആയിരം കോടിയുടെ തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. ഉന്നത രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ സംശയത്തിന്‍റെ നിഴലില്‍.
ആനന്ദകുമാര്‍ (ഇടത്ത്), അനന്തു (വലത്)
ഏതാണ്ട് 30 വര്‍ഷംമുന്‍പ്, 1995–96 കാലയളവിലാണ് ആട്, തേക്ക്, മാഞ്ചിയം എന്നിവയുടെ പേരില്‍ സംസ്ഥാനത്തെ ആദ്യസംഘടിത സാമ്പത്തിക തട്ടിപ്പ് എന്നുകരുതുന്ന കുറ്റകൃത്യം അരങ്ങേറിയത്. കാലമിത്ര കഴിഞ്ഞിട്ടും തട്ടിപ്പുകളുടെയും തട്ടിപ്പില്‍ വീഴുന്നവരുടെയും എണ്ണത്തില്‍ ഒരു കുറവും ഇല്ല. ആടു വളര്‍ത്തലിന്റെയും, മാഞ്ചിയം തോട്ടങ്ങളുടെയും പേരിലായിരുന്നു തട്ടിപ്പ്. ആയിരം രൂപ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷംകൊണ്ട് 25 ഇരട്ടി, അതായത് 25,000 രൂപയായിരുന്നു വാഗ്ദാനം.
sabarinath is taken to his proposed resort in thachottu kavu in thiruvananthapuram as pert of the enquiery in the fraud case
‘ടോട്ടല്‍ ഫോര്‍ യു’ തട്ടിപ്പില്‍ ശബരിനാഥ് എന്ന പതിനെട്ടുകാരന്‍ കബളിപ്പിച്ചത് ഉന്നതരെ. ആദ്യവര്‍ഷം മാത്രം തട്ടിയത് 50 കോടി രൂപയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആയിരത്തോളം വരുന്ന നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തത് നൂറു ശതമാനം നിക്ഷേപവളര്‍ച്ചയും 20 ശതമാനം ഏജന്റ് കമ്മിഷനും. സ്ഥാപനത്തിന്റെ ആഘോഷപരിപാടികളും പൊടിപൊടിച്ചു. 2008ല്‍ അറസ്റ്റിലാകുമ്പോള്‍ ശബരിനാഥിന് പ്രായം 19 മാത്രം!
ഭരണകൂടത്തെ പിടിച്ചുലച്ച സോളര്‍ തട്ടിപ്പ് കേസും മലയാളി മറക്കാന്‍ സമയമായിട്ടില്ല. സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍നിന്നായി കോടികള്‍ വെട്ടിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ നാളുകള്‍. തട്ടിപ്പുകേസിലെ പ്രതി കൊടുത്ത ലൈംഗിക പീഡനക്കേസുകളും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. കാലാകാലങ്ങളിലെ വെളിപ്പെടുത്തലുകളും അന്വേഷണറിപ്പോര്‍ട്ടുകളും കോടതി നടപടികളുമെല്ലാമായി അതിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുന്നു.
മോന്‍സണ്‍ മാവുങ്കല്‍ (ഫയല്‍ ചിത്രം)
മോശയുടെ അംശവടി, യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണം, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, ശ്രീകൃഷ്ണന്റെ കാലത്ത് വെണ്ണ സൂക്ഷിച്ച ഉറി... ഇതൊക്കെ ഇവിടെ കൊച്ചിയിലുണ്ടെന്ന് ഉന്നതരെയടക്കം അനേകരെ പറഞ്ഞുവിശ്വസിപ്പിച്ച മോന്‍സന്‍ മാവുങ്കല്‍. പുരാവസ്തു തട്ടിപ്പില്‍ കുടുങ്ങിയവരുടെ കഥകേട്ട് മലയാളി മൂക്കത്ത് വിരല്‍വച്ചു. വ്യാജസിംഹാസനത്തില്‍ വ്യാജ അംശവടിയുമായി ഇരിക്കുന്ന അന്നത്തെ പൊലീസ് മേധാവിയുടെ ചിത്രവും മറക്കാറായിട്ടില്ല.
ഉന്നതബന്ധങ്ങളാണ് ഇത്തരം തട്ടിപ്പുകാര്‍ക്കെല്ലാം വിശ്വസനീയതയുടെ മുഖം നല്‍കിയതും നല്‍കുന്നതും. അതോടെ ഒരുപാട് സാധാരണക്കാരും തട്ടിപ്പില്‍ പെട്ടുപോകുന്നു. ഈ തട്ടിപ്പുകള്‍ക്കെല്ലാം പുറമേയാണ് അസംഖ്യം ചിട്ടി, നിക്ഷേപ, റൈസ് പുള്ളര്‍, മാന്ത്രിക തട്ടിപ്പുകളില്‍ പലരും തലവച്ചുകൊടുത്തതും വീണുകൊണ്ടിരിക്കുന്നതും.
ഓണ്‍ലൈന്‍ ഇടപാടുകള്‍ ശക്തമായ കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളും അസംഖ്യം. സുഹൃത്തെന്ന് വിശ്വസിപ്പിച്ച് ഡീപ് ഫെയ്ക് എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് പണംതട്ടിയതും കണ്ടു കേരളത്തില്‍. ഡിജിറ്റല്‍ അറസ്റ്റും വാട്സാപ് ഹാക്കിങ് തട്ടിപ്പും ഈ പരമ്പരയിലെ പുതിയ ഐറ്റങ്ങള്‍. ഇല്ലാത്ത ഡിജിറ്റല്‍ അറസ്റ്റില്‍ വീണ ബിഷപും ഷെയര്‍ ട്രേഡിങ് ലിങ്ക് വഴി ലക്ഷങ്ങള്‍ നഷ്ടമായ റിട്ട. ജഡ്ജിയും ഇത് സാധാരണക്കാര്‍ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നതിന്റെ നേര്‍സാക്ഷ്യം. പറ്റിക്കാന്‍ ആളുകള്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ പറ്റിക്കപ്പെടാതിരിക്കാന്‍ നമ്മളാണ് ശ്രദ്ധിക്കേണ്ടത്. നമ്മള്‍ മാത്രം.