അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്ത കുരുന്ന് അമ്മയോട് ബിരിയാണി വേണമെന്ന് പറഞ്ഞ വിഡിയോ ആരും മറക്കാന്‍ ഇടയില്ല. ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും അങ്കണവാടിയില്‍ നല്‍കാന്‍ നടപടി വേണമെന്നതാണ് കുട്ടി ആവശ്യപ്പെട്ടത്. ശങ്കു എന്ന് വിളിക്കുന്ന റിജുലിന്‍റെ വിഡിയോ അമ്മ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഇതോടെ ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’ വൈറലായി.
പിന്നാലെ കുഞ്ഞിന്‍റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന അഭ്യര്‍ത്ഥന നാനാഭാഗത്ത് നിന്നും വന്നിരുന്നു. ഇപ്പോഴിതാ ശങ്കുവിന്‍റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ ഭക്ഷണം പരിഷ്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മന്ത്രി വീണ ജോര്‍ജ്.
കുഞ്ഞിന്‍റേത് വളരെ നിഷ്കളങ്കമായ ആവശ്യമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണം എന്നാണ് കുഞ്ഞിന്‍റെ ആവശ്യം. ശങ്കുവിന്‍റെ ആവശ്യം പരിഗണിച്ച് ഇത് പരിഷ്കരിക്കുന്നതിനെ പറ്റി ആലോചിക്കാം. മുട്ടയും പാലും നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അത് വിജയകരമായി മുന്നേറുന്നുണ്ട്. പുതിയ പരിഷ്കരണം ആലോചിക്കുന്നതാണ് എന്ന് ശങ്കുവിനോടും എല്ലാ കുഞ്ഞുങ്ങളോടും പറയുന്നുന്നുവെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ തീരുമാനത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍. എത്രയും വേഗം പരിഷ്കരണം നടപ്പിലാക്കി ശങ്കുവിനും കൂട്ടുകാര്‍ക്കും ബിരിയാണിയും പൊരിച്ച ചിക്കനും കൊടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.