ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു ചിത്രത്തിന് വന്ന ലൈക്ക്, പിന്നാലെ വന്ന ഫോളോ റിക്വസ്റ്റ്. അത് അക്സപ്റ്റ് ചെയ്തതോടെ ‘ഹായ്’ മെസേജില്‍ തുടങ്ങിയ സൗഹൃദം. പിന്നെ പരിചയപ്പെടലായി, മെസേജുകളായി. ഒടുവില്‍ അതേ ഇന്‍സ്റ്റഗ്രാം സൗഹൃദത്തില്‍ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നവരില്‍ ഒടുവിലത്തെയാളായി എറണാകുളം ചോറ്റാനിക്കരയിലെ പെണ്‍കുട്ടി. ആറുദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പ്രതിയാകട്ടെ സുഹൃത്തായി കൂടെ കൂടിയ അനൂപും.
ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ നിലയിൽ വീടിനുള്ളില്‍ കിടക്കുന്നത് ബന്ധു കണ്ടെത്തിയത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കയ്യിലും തലയിലും സാരമായ പരുക്കുകള്‍. അർധനഗ്നയായാണു വീട്ടിൽ കിടന്നിരുന്നത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയിൽ ബലാല്‍സംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള, ഒട്ടേറെ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയോട് സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ലഹരി ഉപയോഗിക്കാൻ അനൂപ് സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു.
മനസ് മരവിപ്പിക്കുന്ന ക്രൂരപീഡനങ്ങളാണു പെൺകുട്ടി നേരിട്ടതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. അനൂപ് ശനിയാഴ്ച രാത്രി വീട്ടിലെത്തുകയും മാരകമായി മര്‍ദിക്കുകയും ചെയ്തു. മറ്റ് ആണ്‍സുഹൃത്തുക്കളെപ്പറ്റി ചോദിച്ചായിരുന്നു ആക്രമണം. കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞത്. ലൈംഗികമായും ആക്രമിച്ചു. ചുറ്റിക കൊണ്ടു ഇടിച്ചു. സഹികെട്ട പെൺകുട്ടി താൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞ് ഷാൾ കഴുത്തിലിട്ടപ്പോൾ ‘പോയി ചത്തോ’ എന്നായിരുന്നു അയാളുടെ പ്രതികരണം. പെൺകുട്ടി തൂങ്ങിയതോടെ പരിഭ്രാന്തനായ അനൂപ് ഷാൾ കത്തികൊണ്ട് മുറിച്ചു. താഴെ വീണ പെൺകുട്ടി വേദന കൊണ്ട് അലറി വിളിച്ചപ്പോൾ ഇയാൾ വായ പൊത്തിപ്പിടിച്ചു. അനക്കമറ്റ പെൺകുട്ടി മരിച്ചു എന്നു കരുതി നാലുമണിക്കൂറിനു ശേഷം ഇയാൾ വീടിന്റെ പിന്‍വാതിലിലൂടെ പുറത്തുപോയി. കഴുത്ത്, തല, ശ്വാസകോശം എന്നിവിടങ്ങളിലുണ്ടായ പരുക്കാണ് പെണ്‍കുട്ടിയുടെ മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പോക്സോ അതിജീവിതയാണ് ഇത്തരത്തില്‍ പൈശാചികമായി കൊല്ലപ്പെട്ട പെണ്‍കുട്ടി.