കലോത്സവ വേദിയിലെ വിജയത്തിളക്കത്തിൽ നിന്ന് കൊല്ലംകാരൻ രാഖിൻ രഘുനാഥ് മടങ്ങുന്നത് ജപ്‌തി ഭീഷണിയായ വീട്ടിലേക്കാണ്. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും എ ഗ്രേഡുമായി മടങ്ങുമ്പോൾ സമ്മാനങ്ങൾ സൂക്ഷിക്കാൻ വീടുണ്ടാകുമോ എന്ന ആശങ്കയാണ് രാഖിന്റെയും വീട്ടുകാരുടെയും മനസ്സിൽ.
മുഖത്ത് ഭാവങ്ങൾ മിന്നി മായുമ്പോഴും ഉള്ളിൽ നീറുന്ന വേദനയാണ്. വരുന്ന ഒൻപതാം തീയതി വൈകുന്നേരത്തിനകം 10 ലക്ഷം രൂപ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസും കണ്ടാണ് രാഖിൻ വേദിയിൽ കയറിയത്. സ്ത്രീവേഷത്തിലായിരുന്നു അവതരണം. തട്ടുകട നടത്തിയാണ് രഘുനാഥ് കുടുംബം പുലർത്തുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയാണ് ജപ്തിയിലെത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കുടുംബം അവന്റെ ആഗ്രഹത്തിന് തടസമായില്ല. ഗുരുവായ കിഷൻ സജികുമാർ ഉണ്ണി സൗജന്യമായാണ് നൃത്തം പഠിപ്പിച്ചത്. മൂന്നാം തവണയാണ് രാഖിൻ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാപ്രാവശ്യവും എ ഗ്രേഡുമായി മടക്കം.