ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പ്രണവ് മോഹൻലാൽ സ്പെയിനിൽ ആടുമേയ്ക്കുന്ന ജോലി ചെയ്യുകയാവുമെന്ന അമ്മ സുചിത്രയുടെ വാക്കുകള്‍ക്ക് പിന്നാലെ വൈറല്‍ കുറിപ്പുമായി ഡെന്നിസ് അറയ്ക്കല്‍. ഒരു ജോലിയും മോശമല്ലെന്നും, സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതാതെ ഏത് ജോലിയും ചെയ്യാമെന്ന സന്ദേശമാണ് പ്രണവ് നല്‍കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

പുതിയ തൊഴിൽ മേഖലകൾ തേടിപ്പോകുന്നത് തെറ്റല്ല. മനുഷ്യൻ എന്നാൽ ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജീവി അല്ലെന്നും, ജീവിക്കുക, ജീവിതം അനുഭവിക്കുക എന്നതിനാണ് ഏറ്റവും വലിയ പ്രാധാന്യം എന്ന സന്ദേശമാണ് പ്രണവ് മോഹൻലാലിന്‍റെ ആടുമേയ്ക്കലിലൂടെ പുതിയ തലമുറ വായിച്ചെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

70 വയസ്സിന് അടുത്ത് പ്രായമുള്ള, സൗത്ത് ആഫ്രിക്കക്കാരനായ, അത്യാവശ്യം സമ്പന്നനായ ആഡം മാത്യൂസ് എന്നയാള്‍ ക്ലീനിങ് ജോലിക്ക് പോകുന്നതിനെപ്പറ്റിയും അദ്ദേഹം കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്. കേരളത്തിന് പുറത്തു പോയാൽ മലയാളികൾ ഏത് ജോലിയും ചെയ്യും. ഹോട്ടലിൽ പാത്രം കഴുകും, ഓഫീസുകളിൽ ടോയ്ലറ്റ് കഴുകും.. അങ്ങനെയെല്ലാം.. പക്ഷെ "സ്വന്തം നാട്ടിൽ മലയാളികൾ ദുരഭിമാനികളായതുകൊണ്ടു ഈവക ജോലികളൊന്നും ചെയ്യില്ല" എന്നൊക്കെ പറയുന്നവരാണ് ശരിക്കും ബോധമില്ലാത്തവർ. കാരണം മലയാളികൾ ദുരഭിമാനികൾ ആയതുകൊണ്ടല്ല, സ്വന്തം നാട്ടിൽ എങ്ങാനും ഇങ്ങനെ ജോലി ചെയ്താൽ, ചെയ്യുന്ന ആ ജോലി വച്ച് സ്റ്റാറ്റസ് അളക്കുന്ന സംസ്കാരം നമുക്ക് ഉള്ളതുകൊണ്ടാണ്. ‌‌‌

സത്യം പറഞ്ഞാൽ ഏതു ജോലിയും ചെയ്യാൻ മലയാളി തയ്യാറാണ്, പക്ഷേ അത് കേരളത്തിൽ ചെയ്താൽ നമ്മുടെ സമൂഹം ചെയ്യുന്ന ജോലി വച്ച് നമ്മളെ അളന്നു കളയും. ഇവിടെയാണ് പ്രണവിന്റെ ഈ പ്രവർത്തി ഒരു ചെറിയ വെളിച്ചമാകുന്നത്. സമൂഹത്തിലെ പ്രിവിലേജ് ഉള്ളവൻ, താഴ്ന്ന ജോലി ചെയ്യുന്നതിൽ ( ഒരു എക്സ്പീരിയൻസ് ആയിട്ടാണ് പ്രണവ് ചെയ്യുന്നതെങ്കിൽ പോലും) ഒരു മടിയും കാണിക്കേണ്ടതില്ല എന്നുള്ള പ്രണവ് മോഹൻലാലിന്‍റെ ഇൻഡയറക്ട് സന്ദേശം അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ട, അവർ അർഹിക്കുന്ന, വലിയ സന്ദേശമാണ്. മനസ്സിന് ഇഷ്ടപ്പെട്ട ഏത് തൊഴിലെടുക്കാനും അവർക്ക് അതു അങ്ങനെ പ്രചോദനമാകട്ടെ...അതുകൊണ്ടാണ് വ്യക്തിപരമായി വലിയ റിസ്ക് ഒന്നും ഇല്ലെങ്കിൽ പോലും പ്രണവിന്‍റെ കാലി മേയ്ക്കൽ വാർത്തയ്ക്ക് ഇന്ന് കേരള സമൂഹത്തിൽ വളരെ പ്രാധാന്യമുള്ളതെന്നും ഡെന്നിസ് അറയ്ക്കല്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഞാൻ ആദ്യം തന്നെ പറയട്ടെ ഇത് പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള ഒരു പോസ്റ്റ് അല്ല. എന്നാൽ അദ്ദേഹത്തെക്കുറിച്ച് പറയാതെ ഈ പോസ്റ്റ് പൂർത്തിയാക്കാനുമാകില്ല. നിങ്ങൾ ഈ പോസ്റ്റ് വായിച്ചതിനുശേഷം "പ്രണവ് മോഹൻലാൽ സ്പെയിനിൽ ആടിനെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ട " ഒരു 16 പോസ്റ്റ് എങ്കിലും വേറെ വായിക്കുമെന്നും എനിക്കറിയാം... പക്ഷേ ഇത് മുകളിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ കുട്ടികൾ കാനഡയിലെ ഹോട്ടലിൽ പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട പോസ്റ്റാണ്, നമ്മുടെ പൂർവികർ പല നാടുകളിൽ പോയി നമുക്ക് വേണ്ടി ചോരനീരാക്കിയതിന്റെ പോസ്റ്റാണ്... (ഡെന്നിസ് അറക്കൽ എഴുതുന്നു....) ഇതുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത് രണ്ടാഴ്ച മുമ്പുമാണ്.. ഞാൻ ആഡം മാത്യൂസിനെ പരിചയപ്പെടുന്നത് തോൺഹില്ലിലെ ഒരു കഫറ്റീരിയൽ ഒരു ദിവസം വൈകിട്ട് എന്റെ ക്ലൈന്റിനെ കാത്തിരിക്കുമ്പോഴാണ്. ആഡം എന്റെ അടുത്തിരുന്നു ശാന്തനായി കോഫി കുടിക്കുകയാണ്. ഒരു 70 വയസ്സിന് അടുത്ത് പ്രായം വരും. ഇടയ്ക്ക് എപ്പോഴോ പുള്ളിക്കാരൻ എന്നെ നോക്കി ചിരിച്ചു, ഞാനും ചിരിച്ചു. അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി. പുള്ളിക്കാരൻ സൗത്ത് ആഫ്രിക്കക്കാരനാണ്. കാനഡയിൽ വന്നിട്ട് ഒരു മുപ്പതു വർഷമായി. ഇവിടെയുള്ള ഒരു കമ്പനിയിൽ നിന്ന് നല്ല രീതിയിൽ റിട്ടയറുമായി. സൗത്ത് ആഫ്രിക്കയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇപ്പോഴും വൈനറിയും വൈൻ ബിസിനസ്സും ഒക്കെയുണ്ട്. പക്ഷേ ഇപ്പോൾ ഇവിടെ വന്നിരുന്ന് കോഫി കുടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തന്നെ സമപ്രായക്കാരായ രണ്ടു കൂട്ടുകാരെ കാത്തിരിക്കുകയാണ്. എന്തിനാണ് കാത്തിരിക്കുന്നത് എന്നറിഞ്ഞപ്പോഴാണ് എനിക്ക് കൂടുതൽ കൗതുകമായത്... "ഞങ്ങൾ മൂന്നുപേരും കൂടെ ഒരു ക്ലീനിങ് കമ്പനിയിൽ ക്ലീനർമാരായി ജോലി ചെയ്യുന്നുണ്ട്. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള ഷിഫ്റ്റ് ആണ്. ഇവിടെ വന്ന് ചായ കുടിച്ചതിനുശേഷം ഒരു കാറിൽ ഞങ്ങൾ മൂന്നു പേരും കൂടി പോകും " നല്ല വരുമാനമുള്ള കുടുംബത്തിൽ പിറന്ന, നല്ല രീതിയിൽ ജോലിയിൽ നിന്ന് വിരമിച്ചു പെൻഷൻ പറ്റുന്ന, 70 കാരനായ ഒരു മനുഷ്യൻ കൂട്ടുകാരുമൊത്ത് ക്ലീനിങ് ജോലിക്ക് പോകുകയാണ്... അന്തസ്സ്! എനിക്ക് സത്യത്തിൽ സന്തോഷം തോന്നി... പക്ഷേ ഇവിടെയും, ഇതുപോലുള്ള മറ്റു പല രാജ്യങ്ങളിലും, ഇത് വലിയ സംഭവമൊന്നുമല്ല. ആളുകൾക്ക് എന്ത് ജോലി ചെയ്യുന്നതിനും മടിയില്ല. മടിയില്ലെന്നു മാത്രമല്ല, ചെയ്യുന്ന ജോലി അളന്നിട്ടല്ല ആളുകൾ തമ്മിൽ ബഹുമാനിക്കുന്നത്. സോഷ്യൽ ഹൈറാർക്കി ഒക്കെ ഏതു സമൂഹത്തിലും ഉണ്ടാകും, പക്ഷേ അത് ഇവിടെ ജോലിയുമായി നേരിട്ട് ബന്ധപ്പെട്ടല്ല കിടക്കുന്നത്. പ്രണവ് മോഹൻലാൽ സ്പെയിനിൽ ആടുമേയ്ക്കുന്ന ജോലി ചെയ്യുന്നു എന്ന് വായിച്ചപ്പോൾ ഈ സംഭവമാണ് എന്റെ മനസ്സിൽ ആദ്യം ഓടി വന്നത്. ഞാൻ അദ്ദേഹം അഭിനയിച്ച സിനിമയൊന്നും കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ അഭിനയമികവിനെ കുറിച്ച് പറയാനും എനിക്കറിയില്ല. പക്ഷേ ഒരു കാര്യം പറയാനുണ്ട്... മോഹൻലാലിന്റെ മകനായതുകൊണ്ടും, ന്യൂജനറേഷൻ നടനായതുകൊണ്ടും, പുതിയ തലമുറയുടെ മേൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. നമ്മുടെ ന്യൂജനറേഷൻ ഇപ്പോൾ തന്നെ യഥാസ്ഥിതിക കാഴ്ചപ്പാട് വെച്ചുകൊണ്ടിരിക്കുന്നവരല്ല. അവരിൽ പലരും പഠിക്കുന്ന സമയം വേറെ ജോലികൾ ചെയ്ത് സ്വന്തമായി കാശുണ്ടാക്കുന്നവരുമാണ്. പക്ഷേ ഒരു ജോലിയും മോശമല്ലെന്നും, തനിക്കു പറ്റിയ പണിയല്ലെന്ന് തോന്നുകയാണെങ്കിൽ സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതാതെ, പുതിയ തൊഴിൽ മേഖലകൾ തേടിപ്പോകുന്നത് തെറ്റല്ലെന്നും, മനുഷ്യൻ എന്നാൽ ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജീവി അല്ലെന്നും, ജീവിക്കുക, ജീവിതം എക്സ്പീരിയൻസ് ചെയ്യുക എന്നതിനാണ് ഏറ്റവും വലിയ പ്രാധാന്യം എന്നുള്ളത് പ്രണവ് മോഹൻലാലിന്റെ കന്നുകാലി മേയ്ക്കലിൽ പുതിയ തലമുറയ്ക്ക് ഒരു സന്ദേശം നൽകും... അതുമാത്രമല്ല ഇന്ത്യയിലും കേരളത്തിലും പണ്ടുകാലം മുതൽ നിലനിന്നിരുന്ന, ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന തൊഴിൽ മേഖലകളിൽ, നാണിക്കേണ്ട ഒരു കാര്യമില്ലെന്ന് മനസ്സിലാക്കി, തൊഴിൽ എല്ലാം തൊഴിലാണെന്നു മനസിലാക്കി, പുതിയ തലമുറ എന്ത് ജോലിയും ചെയ്യാൻ തയ്യാറെടുക്കാൻ ഇതൊരു പ്രേരണയായേക്കാം... ഇനി കാര്യത്തിലേക്ക് വരാം.. കേരളത്തിന് പുറത്തു പോയാൽ മലയാളികൾ ഏത് ജോലിയും ചെയ്യും, ഹോട്ടലിൽ പാത്രം കഴുകും, ഓഫീസുകളിൽ ടോയ്ലറ്റ് കഴുകും- പക്ഷെ "സ്വന്തം നാട്ടിൽ മലയാളികൾ ദുരഭിമാനികളായതുകൊണ്ടു ഈവക ജോലികളൊന്നും ചെയ്യില്ല" എന്നൊക്കെ പറയുന്നവരാണ് ശരിക്കും ബോധമില്ലാത്തവർ. കാരണം മലയാളികൾ ദുരഭിമാനികൾ ആയതുകൊണ്ടല്ല, സ്വന്തം നാട്ടിൽ എങ്ങാനും ഇങ്ങനെ ജോലി ചെയ്താൽ, ചെയ്യുന്ന ആ ജോലി വച്ച് സ്റ്റാറ്റസ് അളക്കുന്ന സംസ്കാരം നമുക്ക് ഉള്ളതുകൊണ്ടാണ്. സത്യം പറഞ്ഞാൽ ഏതു ജോലിയും ചെയ്യാൻ മലയാളി തയ്യാറാണ്, പക്ഷേ അത് കേരളത്തിൽ ചെയ്താൽ നമ്മുടെ സമൂഹം ചെയ്യുന്ന ജോലി വച്ച് നമ്മളെ അളന്നു കളയും. അയ്യേ! എന്നു പറയും! സഹോദരിക്കുവരുന്ന കല്യാണം മാറിപ്പോകും, "എന്തൊക്കെ പറഞ്ഞാലും അവൻ ഈ ജോലി ചെയുന്നവനല്ലേ എന്ന് പറയും" പക്ഷെ നമ്മളോർക്കണ്ട ഒരു കാര്യം, എഴുപതുകളിൽ ഗൾഫ് രാജ്യങ്ങളിൽ പോയ നമ്മുടെ കാരണവന്മാരും, അമേരിക്കയിലും യൂറോപ്പിലും 90കളുടെ അവസാനപാതിയിൽ നഴ്സുമാരായിയും, ഹെൽത്ത് വർക്കർമാരായും പോയ നമ്മുടെ സഹോദരിമാരും, രാപകലില്ലാതെ വിയർപ്പുഴുക്കിയാണ് ഇന്ന് കാണുന്ന കേരളം ഉണ്ടാക്കിയെടുത്തത്... പലരും അവിടെ പോയി ആദ്യം തന്നെ വലിയ പ്രൊഫഷനിൽ കയറിയവരല്ല. ഹോട്ടലുകളിൽ പാത്രം കഴുകിയും, ഹോസ്പിറ്റലുകളിൽ ടോയ്ലറ്റ് കഴുകിയും, ടാക്സി ഓടിച്ചും, പെട്രോൾ പമ്പിലും സൂപ്പർ മാർക്കറ്റിലും കസ്റ്റമർ സർവീസിൽ നിന്നുമൊക്കെയാണ് പച്ചപിടിച്ചത്... അന്ന് അവർ ചെയ്യുന്ന ജോലി വച്ച് അവരെ അളന്ന് അവരെ കളിയാക്കി തളർത്താൻ, ഭാഗ്യത്തിന് "നമ്മുടെ സമൂഹം" അവിടെ ഇല്ലായിരുന്നു.. അതാണ് സത്യം! ലോകത്ത് എവിടെയാണെങ്കിലും, മലയാളികളായ എല്ലാവരും തന്നെ സ്വന്തം മക്കൾക്കും കുടുംബത്തിനും വേണ്ടി ചോരനീരാക്കാൻ തയ്യാറായവരാണ്. അവരെ അത് ചെയ്യാൻ നമ്മുടെ കേരളത്തിൽ ഒന്ന് അനുവദിച്ചു കൊടുത്താൽ മതി. അവർ ചെയ്യുന്ന ജോലി വച്ച് സ്റ്റാറ്റസ് അളക്കാതിരുന്നാൽ മതി. അവർ അന്തസായി കുടുംബം പോറ്റി കൊള്ളും! ഇവിടെയാണ് പ്രണവിന്റെ ഈ പ്രവർത്തി ഒരു ചെറിയ വെളിച്ചമാകുന്നത്. സമൂഹത്തിലെ പ്രിവിലേജ് ഉള്ളവൻ, താഴ്ന്ന ജോലി ചെയ്യുന്നതിൽ ( ഒരു എക്സ്പീരിയൻസ് ആയിട്ടാണ് പ്രണവ് ചെയ്യുന്നതെങ്കിൽ പോലും) ഒരു മടിയും കാണിക്കേണ്ടതില്ല എന്നുള്ള പ്രണവ് മോഹൻലാലിന്റെ ഇൻഡയറക്ട് സന്ദേശം അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ട, അവർ അർഹിക്കുന്ന, വലിയ സന്ദേശമാണ്. മനസ്സിന് ഇഷ്ടപ്പെട്ട ഏത് തൊഴിലെടുക്കാനും അവർക്ക് അതു അങ്ങനെ പ്രചോദനമാകട്ടെ... അതുകൊണ്ടാണ് വ്യക്തിപരമായി വലിയ റിസ്ക് ഒന്നും ഇല്ലെങ്കിൽ പോലും പ്രണവിന്റെ കാലി മേയ്ക്കൽ വാർത്തയ്ക്ക് ഇന്ന് കേരള സമൂഹത്തിൽ വളരെ പ്രാധാന്യമുള്ളത്... അന്ന് കഫറ്റീരിയൽ നിന്ന് കോഫി കുടിച്ചു പിരിയുമ്പോൾ ആഡം എന്നോട് ചോദിച്ചു, "ഡെന്നിസിന് വൈകുന്നേരം ഒരു 8 മണിക്കൂർ ഫ്രീയായി ഉണ്ടല്ലോ. ഒരു പാർട്ട്‌ ടൈം ജോലി കൂടെ നോക്കിക്കൂടെ? ഉണ്ടാക്കുന്ന എക്സ്ട്രാ പൈസ കൊണ്ട് നാട് കാണാൻ പൊയ്ക്കൂടേ?" ആഡത്തിന്റെ കൂട്ടുകാരുമൊത്ത് അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഞാൻ കുറച്ചുനേരം കൂടെ അവിടെയിരുന്നു. പുറത്ത് മഞ്ഞുകാലത്തെ പ്രതീക്ഷിച്ചു മരങ്ങളെല്ലാം ഇലകൊഴിച്ചു കഴിഞ്ഞിരിക്കുന്നു. നല്ല തണുത്ത കാറ്റ് അടിക്കുന്നുണ്ട്... ദൂരെ റോഡിലൂടെ നടന്നു പോകുന്ന ഒരു കൂട്ടം ആളുകളെ എനിക്ക് സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ കാണാം. അതിൽ മലയാളികളായ രണ്ടു പെൺകുട്ടികൾ. ഏതെങ്കിലും കോളേജിൽ പഠിക്കുന്നതായിരിക്കണം. അവർ ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു... എനിക്ക് പെട്ടെന്ന് സന്തോഷം തോന്നി. ആ ചിരിക്കുന്ന രണ്ടു കുട്ടികൾ നമ്മുടെ കേരളത്തിന്റെ ഭാവിയാണ്. അവരിവിടെ സമൂഹത്തിന്റെ കൈകടത്തലുകൾ ഇല്ലാതെ, കിട്ടുന്ന ജോലിയിൽ ചോരനീരാക്കി, ഒരു ഭാവി പടുത്തുയർത്തും! അവരിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. മലയാള സിനിമയ്ക്ക് പ്രണവ് മോഹൻലാലിൽ വിശ്വാസമുള്ളതുപോലെ.

ENGLISH SUMMARY:

Pranavs job in spain; Denis Arackal's viral note