വാടകകൊടുക്കാന്‍ വകയില്ലാതെ മൂന്നു മാസമായി കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന പാര്‍വതിയമ്മയ്ക്ക് സ്വന്തമായി വീടൊരുങ്ങുന്നു. കൊളക്കാടന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് പാര്‍വതിയമ്മയെ നേരിട്ട് കണ്ട് വീട് വച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെ നിരവധിയാളുകള്‍ പാര്‍വതിയമ്മയ്ക്ക് സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചുപോയ പാര്‍വതിയമ്മ വീടില്ലാത്തത് കാരണം മക്കളെ ഹോസ്റ്റലിലും ബന്ധുവീടുകളിലുമായി പാര്‍പ്പിച്ചിരിക്കുകയാണ്.
വാടക വീട്ടില്‍ നിന്നിറക്കി വിട്ടതോടെ പെരുവഴിയിലായ പാര്‍വതിയമ്മയുടെ ദുരിത ജീവിതം മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നുമാസമായി ബസ് സ്റ്റാന്‍ഡിലായിരുന്നു പാര്‍വതിയമ്മ കഴിഞ്ഞുവന്നത്. സ്റ്റേഡിയം ജംക്ഷനിലെ പൂതേരി സത്രം കോളനിക്കാരിയാണ് പാര്‍വതിയമ്മ. നേരത്തെ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. പ്രമേഹം മൂര്‍ഛിച്ചതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. ഇപ്പോള്‍ പകല്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി ജീവനക്കാരെ സഹായിക്കും. രാത്രി കസേരയിലിരുന്ന് രാത്രി കഴിച്ചുകൂട്ടും. ലൈഫ് പദ്ധതിയുടെ ഭാഗമായി കണ്ണാടിക്കലില്‍ 3സെന്‍റ് സ്ഥലം വാങ്ങിയെങ്കിലും പാറ പൊട്ടിക്കാന്‍ വന്‍ തുക വേണമെന്നതുകൊണ്ട് വീടെന്ന സ്വപ്നം ഉപേക്ഷിച്ചു. വാര്‍ത്ത കണ്ടതോടെ നിരവധിപ്പേരാണ് പാര്‍വതിയമ്മയുടെ കണ്ണീരൊപ്പാന്‍ തയ്യാറായത്.
മൂന്ന് പെണ്‍മക്കളാണ് പാര്‍വതിയമ്മയ്ക്കുള്ളത്. ഒരാളുടെ കല്യാണം കഴിഞ്ഞു. വാടക കൊടുക്കാന്‍ കഴിയാതായപ്പോള്‍ മറ്റ് രണ്ട് കുട്ടികളേയും സുരക്ഷിത സ്ഥലത്താക്കി തെരുവിലിറങ്ങിലിറങ്ങുകയായിരുന്നു അവര്‍.