ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ സൈബറിടത്താകെ ചര്‍ച്ച മനാഫാണ്. മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെ വൈറലാകുകയാണ് മാഹിന്‍ അബുബക്കര്‍ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ്. ദൗത്യത്തിന്റെ ആദ്യ നാളുകൾ മുതൽ മനാഫ് എന്നത് ദുരന്ത മുഖത്തെ ആവേശകമ്മിറ്റിയാണെന്ന ബോധ്യമുണ്ടായിരുന്നുവെന്നും . മനാഫ് എന്ന സെൽഫ് പ്രൊമോഷൻ സ്റ്റാറിനെ അർജുന്റെ കുടുംബം തന്നെ തുറന്ന് കാണിക്കുന്നത് കാണുമ്പോൾ സമാധാനമുണ്ടെന്നും. വരാൻ പോകുന്ന കടുത്ത സൈബർ ആക്രമണത്തെയും ഭയക്കാതെ കുടുംബം യാഥാർഥ്യം വിളിച്ചു പറയാൻ എത്തിയതിനു നന്ദിയെന്നും മാഹിന്‍ അബുബക്കര്‍ പറയുന്നു.
Also Read : അര്‍ജുന്‍റെ ചിത്രം വച്ച് മനാഫിന്‍റെ യൂട്യൂബ് ചാനല്‍; അപകടശേഷം തുടങ്ങിയ ചാനലിന്‍റെ പേര് ‘ലോറി ഉടമ മനാഫ്
കുറിപ്പ്
ആധുനിക കാലത്തെ വാർത്തകൾക്ക് ടൈമിംഗ് എന്നൊരു സംഗതിയുണ്ട്. കൃത്യമായി അത് ഉപയോഗിക്കുന്നവർക്ക് ഗുണം ലഭിക്കും. അർജുനെ കണ്ടെത്തിയ ദിവസം അത് കൃത്യമായി ഉപയോഗിച്ചത് മനാഫ് ആണെന്ന് അന്നേ ബോധ്യമുണ്ടായിരുന്നു. മാധ്യമങ്ങൾ തുടർച്ചയായി എന്ത് റിപ്പോർട്ട് ചെയ്യുന്നോ അത് മനുഷ്യരിലേക്ക് കൂടുതൽ ആഴത്തിൽ കയറുന്ന കാലമാണ്.
"ഗംഗാവാലി പുഴയിൽ അവനെ അങ്ങനെ ഉപേക്ഷിച്ചിട്ട് പോരാനല്ല ഇവിടെ എത്തിയത് " എന്നൊരൊറ്റ ഡയലോഗ് കീ വേർഡ് ആയി എടുത്തു കൊണ്ട് മനാഫിനെ മാധ്യമങ്ങൾ വീര പുരുഷനാക്കി. മലയാളികളുടെ സ്വത്വ ബോധം "കാണെടോ മാനവികതയുടെ മലയാളി മാതൃക" എന്ന പേരിൽ സാഹിത്യങ്ങൾ എഴുതി നിറച്ചു.
ഒരു കഥയാകുമ്പോൾ നായകൻ വേണം വില്ലൻ വേണം സെന്റിമെൻസ് വേണം. അർജുനെ ഒരു കഥയാക്കി മാറ്റിയപ്പോൾ കർണാടകയുടെ സിസ്റ്റത്തെ വില്ലന്റെ റോളിലേക്ക് ചിലർ മനഃപൂർവം പ്ലേസ് ചെയ്തു. സെന്റിമെൻസായി കുടുംബത്തിന്റെ വൈകാരിക പരിസരം ഉപയോഗിച്ചു. ഹീറോയായി മനാഫിനേയും പ്രതിഷ്ഠിച്ചു.
ദൗത്യത്തിന്റെ ആദ്യ നാളുകൾ മുതൽ മനാഫ് എന്നത് ദുരന്ത മുഖത്തെ ആവേശകമ്മിറ്റിയാണെന്ന ബോധ്യമുണ്ടായിരുന്നു. മനാഫ് എന്ന സെൽഫ് പ്രൊമോഷൻ സ്റ്റാറിനെ അർജുന്റെ കുടുംബം തന്നെ തുറന്ന് കാണിക്കുന്നത് കാണുമ്പോൾ സമാധാനമുണ്ട്. വരാൻ പോകുന്ന കടുത്ത സൈബർ ആക്രമണത്തെയും ഭയക്കാതെ കുടുംബം യാഥാർഥ്യം വിളിച്ചു പറയാൻ എത്തിയതിനു നന്ദി.
കർണാടക അധികൃതർ പുഴയിൽ തിരച്ചിൽ നടത്തിയപ്പോൾ പുഴയിൽ അല്ല കരയിലാണ് ലോറിയെന്ന് നിരന്തരം വിളിച്ചു പറഞ്ഞയാളാണ് മനാഫ്. അടിസ്ഥാനമില്ലാത്ത കുറെ ഉദാഹരണങ്ങൾ അയാൾ അതിന് വേണ്ടി കൂട്ടു പിടിച്ചു. മലയാളി ഡാ വികാരത്തെ ആളി കത്തിച്ചതോടെ കർണാടക സർക്കാരിന് പ്രെഷർ വരികയും മലയാളി ഡാ വികാരത്തെ തൃപ്തിപ്പെടുത്താൻ മനാഫിനെ പോലുള്ളവരുടെ വാക്കുകൾ കേട്ട് പുഴയിലെ തിരച്ചിൽ കരയിലേക്ക് മാറ്റി.
ഇതിനിടയിലും മനാഫ് മീഡിയ കവറേജ് മുതലെടുത്തു കൊണ്ട് മറ്റൊരു സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരത്തിൽ കൈ കടത്താൻ ശ്രമിച്ചു. രഞ്ജിത്ത് ഇസ്രായേൽ എന്ന മീഡിയ നിർമ്മിത വിദഗ്ദനോടൊപ്പം സമാന്തര സംവിധാനം എന്ന ലൈനിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഷോ തുടർന്നു. ഒടുവിൽ അധികാരികൾക്ക് ഈ രണ്ട് കൂട്ടർക്ക് നേരെയും നടപടി കൈക്കൊള്ളുമെന്ന് വരെ പറയേണ്ടി വന്നു.
ദിവസങ്ങൾ നീണ്ട പരിശോധനക്കൊടുവിൽ ലോറി കരയിൽ ഇല്ലെന്നും പുഴയിലാണെന്നും സ്ഥിരീകരിച്ചു. ഫീൽഡിലെ ഷോ മൂലം പുഴയിലെ തിരച്ചിൽ കരയിലേക്ക് മാറ്റിയതിൽ മനാഫിന്റെയും രഞ്ജിത്ത് ഇസ്രായേലിന്റെയും മീഡിയ ഷോയ്ക്കുള്ള പങ്ക് വലുതായിരുന്നു. പുഴയിലെ അടിയൊഴുക്കും, മഴയുമെല്ലാം പരിഗണിച്ചു കൊണ്ട് അധികൃതർ ഓരോ തീരുമാനം കൈകൊണ്ടപ്പോഴും അതിനെയെല്ലാം വിമർശിച്ചു രംഗത്ത് വന്നയാളാണ് മനാഫ്. ഡ്രഡ്ജർ കൊണ്ട് വന്നു പരിശോധന നടത്തിയാലെ കാര്യമുള്ളൂ എന്ന് വന്നപ്പോൾ ഡ്രഡ്ജർ ഒന്നും വരാൻ പോകുന്നില്ലെന്ന് മനാഫ് പറഞ്ഞു എന്ന് അർജുന്റെ കുടുംബം പറയുന്നു. അർജുന്റെ കുടുംബം മുഖ്യമന്ത്രി സിദ്ധരാമായ്യയെ കാണുകയും എത്ര പണം മുടക്കിയാലും ഡ്രഡ്ജർ കൊണ്ട് വരുമെന്നും അർജുനെ കണ്ടെത്തുമെന്നും സിദ്ധാരമയ്യ വാക്ക് നൽകി. ആ വാക്കിന്റെ പുറത്താണ് ഒരു കോടി രൂപ മുടക്കി ഡ്രഡ്ജർ കൊണ്ട് വന്നു സാങ്കേതിക മികവോടെ അർജുന്റെ ലോറിയും അർജുനെയും കണ്ടെത്തിയത്. ഈ വിഷയത്തിൽ ഏറ്റവും അടുത്ത് ഇടപെട്ട അർജുന്റെ കുടുംബത്തിന്റെ വാക്കുകൾ ശരി വച്ചാൽ അധികൃതർ പൂർണ്ണമായും പ്രയോഗികമായി കാര്യങ്ങൾ ചെയ്തു. എന്നാൽ അതിലൊന്നും ഇടപെടാതെ നിരന്തരം മീഡിയ കവറേജ് നോക്കി മനാഫ് സെൽഫ് പ്രൊമോഷൻ നടത്തുകയുമാണ് ചെയ്തത്. അധികൃതർക്ക് തലവേദന സൃഷ്‌ടിച്ച മനാഫല്ല ലോറിയുടെ ഓണർ എന്ന കാര്യവും ഓർക്കേണ്ടതാണ്. മുബീൻ എന്ന വ്യക്തിയെ മാധ്യമങ്ങൾ ഒന്നും കണ്ടില്ല. അല്ലെങ്കിൽ മുബീൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നാടകം കളിച്ചില്ല.
ആദ്യം സ്വയം വിദഗ്ധൻ ചമഞ്ഞു തിരച്ചിലിനെ വഴി തെറ്റിക്കുകയും, പിന്നീട് രഞ്ജിത്ത് ഇസ്രായേൽ എന്നയാളെ കൂട്ട് പിടിച്ചും ഈശ്വർ മാൽപ്പെ എന്നയാളെ കൂട്ട് പിടിച്ചും മനാഫ് നടത്തിയ കലാപരിപാടികൾ എല്ലാം മറന്ന് ഒരു നിമിഷം കൊണ്ട് മനാഫിനെ മാനവീകതയുടെയും മഹത്തരമായ രക്ഷപ്രവർത്തനത്തിന്റെയും ഒറ്റയാൾ പോരാട്ടമാക്കി മാറ്റിയ മാധ്യമങ്ങൾക്കെല്ലാം നമോവാകം. കൈയ്യിലിരിക്കുന്ന മൈക്കുമായി റേറ്റിങ് ലക്ഷ്യമാക്കി കുതിക്കുമ്പോൾ കുറച്ചു യാഥാർഥ്യം കൂടി തിരയാം. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സംവിധാനത്തെയും പുച്ഛിച്ചു തള്ളുകയും സമയം കിട്ടുമ്പോൾ ഒക്കെ പാര വക്കുകയും ചെയ്തു "കേരളം ഡാ" വികാരം കൊള്ളുമ്പോൾ സ്വയം ചെറുതാകുകയാണെന്ന് തിരിച്ചറിയുക.
മാധ്യമങ്ങളിൽ വരുന്ന രണ്ട് മിനിറ്റ് സ്റ്റോറികൾ വച്ചു നരേറ്റീവുകൾ സൃഷ്ടിക്കുകയും പുതിയ കാല ഹീറോകളെ ആരാധിക്കുകയും ചെയ്യുന്ന മലയാളികളുടെ ഇന്നത്തെ ചർച്ച വിഷയം കേരള മുഖ്യന്റെ പി ആർ വർക്കാണ് എന്നത് രസകരം. ഗംഗാവാലി പുഴയിൽ അർജുനെ കളഞ്ഞിട്ട് വരാൻ പറ്റില്ലെന്നത് ഒരു സംവിധാനത്തിന്റെ ദൃഡനിശ്ചയമായിരുന്നു. കോടികൾ മുടക്കി സാങ്കേതിക സഹായത്തോടെ രക്ഷപ്രവർത്തനം നടത്തിയ ഉത്തരവാദിത്തപ്പെട്ട കർണാടക സർക്കാരും,രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരുപാട് മനുഷ്യരും ചേർന്നെടുത്ത തീരുമാനമായിരുന്നു. അല്ലാതെ കരയിലിരുന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഡയലോഗടിച്ച ചിലരുടെ തീരുമാനമായിരുന്നില്ല. അവരുടെ തീരുമാനം സാഹചര്യം മുതലെടുത്തു വാർത്തയിൽ ഇടം പിടിക്കുക എന്നത് മാത്രമായിരുന്നു.
അപ്പോൾ ശരി, മാനവീകതയുടെ സാഹിത്യം ഒഴുകട്ടെ, മനാഫ് പ്രേമികളുടെ പൊങ്കാല നേരിടാൻ അർജുന്റെ കുടുംബത്തിന് കരുത്തുണ്ടാകട്ടെ