മലയാളി ഉള്ളിടത്തെല്ലാമുണ്ട് ഇന്ത്യന്‍ കോഫി ഹൗസ്. കേരളം വിട്ടുള്ള കേരളീയന്‍റെ ജീവിതയാത്രകളുമായി ഇഴപിരിയാത്ത ബന്ധമുണ്ട് ഓരോ ഇന്ത്യൻ കോഫി ഹൗസിനും. അതുകൊണ്ടാണ് ഓരോ സ്ഥലത്തും ഇന്ത്യൻ കോഫി ഹൗസുകൾക്ക് പൂട്ടു വീഴുമ്പോള്‍ അതെല്ലാം വേദനയുള്ള വാർത്തയാകുന്നത്. രാജ്യന്തര കോഫി ദിനത്തിൽ ഒരു ഇന്ത്യൻ കോഫി ഹൗസിനു കൂടി താഴ് വീഴുകയാണ്. ചങ്ങനാശ്ശേരി കുരിശുംമൂട് കോഫി ഹൗസ് അടയ്ക്കുമ്പോൾ മനസ്സിലെ വിഷമം ഒട്ടും മറച്ചുവയ്ക്കുന്നില്ല ഇവിടത്തുകാര്‍.
രാവിലെ ബീറ്റ്റൂട്ട് മസാല നിറച്ച് സ്നേഹത്തിൽ പൊതിഞ്ഞൊരു മസാല ദോശ. വൈകുന്നേരം കട്‍ലറ്റും കോഫി ഹൗസിന്റെ സ്വന്തം സലാഡും. ഏത് ഇന്ത്യൻ കോഫി ഹൗസിൽ എത്തിയാലും കാണുന്ന ഇതേ ശൈലിയിലൂടെയാണ് ചങ്ങനാശ്ശേരിക്കാരുടെ ഹൃദയത്തിൽ കുരിശുംമൂട് കോഫി ഹൗസ് ഇരിപ്പുറപ്പിച്ചത്. അതുകൊണ്ടുതന്നെ ഇനി ഒരു അവസരം ഉണ്ടാവില്ലെന്ന് തിരിച്ചറിവിൽ പതിവുകാരൊക്കെ അവസാന ദിവസം ഓടിയെത്തി.
Also Read : 103-ാം വയസിലും ജോലി ചെയ്തുജീവിക്കുന്ന മമ്മദിക്ക; പ്രചോദനം
വലിയ ലാഭത്തിൽ പോയിരുന്ന കോഫി ഹൗസ് പൂട്ടാൻ കാരണം ജീവനക്കാരുടെ അഭാവമാണ്. ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെയുള്ള തീരുമാനത്തിൽ വലിയ പരാതിയും ഉണ്ട്. 1977 ൽ ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമാണ് ആദ്യത്തെ കോഫി ഹൗസ് വരുന്നത്. ഇവിടത്തെയും പെരുന്നയിലെയും കോഫി ഹൗസുകൾ പൂട്ടിയതോടെ കുരിശുംമൂട് കോഫി ഹൗസ് ആയിരുന്നു ആശ്വാസം. ഇതുകൂടി പൂട്ടുമ്പോൾ ചങ്ങനാശ്ശേരിയുടെ കോഫി ഹൗസ് രുചി അനുഭവങ്ങള്‍ക്ക് വിരാമം.