കാൽപന്ത് കളിയെ പ്രണയിക്കുന്ന പെൺകുട്ടികൾക്കായി ഒരു ദിനം. മലപ്പുറം വണ്ടൂർ വി എം സി മൈതാനത്ത് സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ മത്സരത്തിൽ ബൂട്ടണിഞ്ഞത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ട് ടീമുകൾ. ജില്ലാ പഞ്ചായത്തഗം കെ ടി അജ്മലിന്റെ നേതൃത്വത്തിലാണ് പെൺകുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
പെൺകുട്ടികൾക്ക് പന്ത് കളിക്കാൻ അവസരവും, മൈതാനവുമില്ലെന്ന പരാതി ഉയന്നതോടെയാണ് ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷൻ അംഗം കെ.ടി. അജ്മൽ സ്വന്തം നിലയിൽ പെൺകുട്ടികളുടെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. പെൺകുട്ടികൾക്ക് പരിശീലനം നൽകുന്ന അക്കാദമികളിലെയും വിവിധ സ്കൂളുകളിലെയും ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒരു വർഷം ഒരു കുട്ടിക്ക് കുറഞ്ഞത് 25 മത്സരങ്ങളിലെ പരിചയം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. പരാജയപ്പെടുന്ന ടീമുകൾ പുറത്താകുന്ന നിലയിലായിരുന്നു മത്സരങ്ങൾ.
ഒരു ടീമിൽ 11 പേർ വീതമാണ് മൈതാനത്തിലിറങ്ങിയത്. 40 മിനിറ്റ് ആയിരുന്നു ഒരു മത്സരത്തിന്റെ സമയം. മൈതാനത്തെ കനത്ത വെയിലിനൊന്നും കുട്ടികളുടെ ആവേശത്തെ തളർത്താനായില്ല. വാശിയേറിയ മത്സരത്തിൽ nilambur United football academy നിലമ്പൂർ, വണ്ടൂർ സബ്ജില്ല ടീമിനെ ഒരു ഗോളിന്ന് പരാജയപ്പെടുത്തി. വിജയികൾക്ക് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ ഹസ്കർ ട്രോഫികൾ വിതരണം ചെയ്തു.