ഉറ്റസുഹൃത്ത് ശശികുമാര്‍ രത്നഗിരിയുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ വേദന പങ്കിട്ട് നടന്‍ സുരാജ് വെഞ്ഞാറമൂട് . സുരാജന്‍റെ നാട്ടുകാരനും അടുത്ത സുഹൃത്തുമായിരുന്ന ശശികുമാര്‍ ദീര്‍ഘകാലം യുഎഇയില്‍ റേഡിയോ അവതാരകനായിരുന്നു . വിയോഗവാർത്ത ഞെട്ടലിലോടെയാണ് കേട്ടതെന്നും തന്‍റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു ശശികുമാറെന്നും സുരാജ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
കോളജ് ക്യാംപസിലും നാട്ടിലും അവന്‍ ദീര്‍ഘനാള്‍ പ്പമുണ്ടായിരുന്നു. ഏറെക്കാലം കഴിഞ്ഞ് വീണ്ടും കാണുമ്പോൾ അവൻ ദുബായിൽ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായിക്കഴിഞ്ഞിരുന്നു. പെട്ടെന്നൊരുനാൾ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. സിനിമയെടുക്കാൻ കഥയുമായി അടുത്തിടെ കാണാൻ വന്നു. അന്ന് ഏറെനേരം സംസാരിച്ച് പിരിഞ്ഞതാണ്. ഇന്ന് അതെല്ലാം ഓർമ്മകളാക്കി ശശി യാത്രയായിരിക്കുന്നു. പ്രിയ കൂട്ടുകാരന് ആദരാഞ്ജലികൾ! - സുരാജ് കുറിച്ചു.
അന്തരിച്ച ശശികുമാർ റാസൽഖൈമയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ ഏഷ്യയിൽ രണ്ടു പതിറ്റാണ്ടോളം ജോലി ചെയ്തിരുന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. സിനിമ, സീരിയൽ രംഗത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
ശശികുമാർ ഒട്ടേറെ നാടകങ്ങളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഭാര്യ: രഞ്ജിനി. മകൻ: ഇന്ദുചൂഢൻ. സംസ്കാരം കഴിഞ്ഞു.