നിങ്ങളൊരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നേടിത്തരാൻ ഈ പ്രപഞ്ചം മുഴുവനുണ്ടാകുമെന്ന് പറഞ്ഞത് പാവ്‌ലോ കൊയ്‌ലോ ആണ്. അതുപോലെ ഒരു കൂട്ടം അച്ഛനമ്മമാരുടെ ആഗ്രഹം സഫലമാക്കാനുള്ള തീവ്രശ്രമത്തിലാണ് മരട് സ്നേഹതീരം വയോമിത്രം ക്ലബ്. ഹൈദരാബാദിലേയ്ക്ക് അവർക്കൊരു ആകാശ യാത്രയൊരുക്കാൻ ക്ലബ്ബ് കണ്ടെത്തിയ വഴിയാണ് അച്ചാർ വിൽപ്പന.
85 അംഗങ്ങളുള്ള ക്ലബാണിത്. അതിൽ 40 പേരാണ് ആകാശയാത്രയ്ക്ക് ഒരുങ്ങുന്നത്. ആരോഗ്യമുള്ള എല്ലാവരെയും യാത്രയിൽ പങ്കെടുപ്പിക്കണം എന്നതാണ് ക്ലബിന്റെ ലക്ഷ്യം. ഓണവിപണി ലക്ഷ്യമിട്ടാണ് വിൽപ്പന. അച്ചാറു മാത്രമല്ല. പുളിയിഞ്ചിയും പായസവുമൊക്കെ വരും ദിവസങ്ങളിൽ ഉണ്ടാകും.