അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ. മുവാറ്റുപുഴയിലെ പതിനൊന്നുകാരി നിയ എങ്ങനെയാണ് ഉരുൾപൊട്ടൽ ദുരിതത്തിലായ വയനാടിനെ ചേർത്തു നിർത്തിയത് എന്ന് കാണാം.
വെള്ളം വീണ് നിറം പടർന്നു പോയ ചിത്രം പോലെ മാഞ്ഞുപോയ ഒരു നാട്ടിലെ മനുഷ്യരെ ചേർത്തുപിടിക്കാൻ അവൾ ബ്രഷെടുത്തു. ഉരുളെടുക്കും മുൻപ് മനോഹരമായിരുന്ന മുണ്ടക്കൈയെയും ചൂരൽമലയെയും പോലെ മിഴിവാർന്ന ചിത്രങ്ങൾ ആ വിരലിൽ വിരിഞ്ഞു. ദുരിതമനുഭവിക്കുന്ന തന്റെ കൂട്ടുകാർക്ക് ആവും വിധം ഒരു സഹായം അതായിരുന്നു നിയ മുനിർ എന്ന 11 വയസുകാരിയുടെ മനസിൽ.
ചിത്രം വരച്ച് കിട്ടിയ അൻപതിനായിരത്തി ഒന്ന് രൂപ വയനാടിന്‍റെ വീണ്ടെടുപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിരിക്കുകയാണ് നിയ. കുരുന്നു കരങ്ങൾ കൊണ്ട് നിയ ചായം പകർത്തിയ 5 ചിത്രങ്ങളാണ് ഫെയ്സ് ബുക്കിലൂടെ വയനാടിനായി ലേലം വിളിച്ചത്. ദിവസങ്ങൾ കൊണ്ട് ചിത്രം വിറ്റുപോയി.