മലപ്പുറം എസ്പി എസ് ശശിധരനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പരിഹസിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
പിണറായി സർക്കാരിനെ എല്ലാ വിഷയത്തിലും ന്യായികരിക്കുന്ന ഭരണപക്ഷ എം.എൽഎയ്ക്ക് തന്നെ മരങ്ങൾ മുറിച്ചു മാറ്റിയതിന്റെ പേരിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ സമരവുമായി കുത്തിരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഭരണപക്ഷ എംഎല്‍എയ്ക്ക് പോലും വിശ്വാസമില്ലാത്ത പോലീസിനെയും ആഭ്യന്തരത്തെയും എങ്ങനെയാണ് പൊതു ജനം വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറം എസ്.പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പിവി അന്‍വര്‍ എം.എൽ.എയുടെ കുത്തിയിരുപ്പ് സമരം. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മലപ്പുറം എസ്പി പരാതി കിട്ടിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. എത്രയും വേഗം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു.
ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയെ നിലയ്ക്ക് നിർത്തുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത ഷാജൻ സ്കറിയയെ കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
സിപിഎമ്മിന് പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. സിപിഎം ജില്ലാ സെക്രട്ടറി അന്‍വറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി.