Image Credit; Facebook

Image Credit; Facebook

വയനാട്  കണ്ട കാഴ്ച്ചകൾ ഉള്ളുലയ്ക്കുന്നതാണെന്നും വിലങ്ങാടിന് സ്പെഷ്യൽ പാക്കേജ് അനുവദിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചിട്ടുണ്ടെന്നും വടകര എംപി ഷാഫി പറമ്പിൽ. ഇന്നലെ രാത്രിയാണ് മേപ്പാടിയിലെത്തിയത്. റവന്യൂ മന്ത്രി ശ്രീ. കെ. രാജനെ വിലങ്ങാട്ടെ ദുരന്തത്തിന്റെ വ്യാപ്തി അറിയിച്ചു. 

മൃതദേഹങ്ങൾ തിരിച്ചറിയാൻ വരുന്ന കുടുംബാംഗങ്ങളുടെ കണ്ണീരും ഒരു കുടുംബത്തിലെ തന്നെ അഞ്ചും എട്ടും പേരുമൊക്കെ മരണപ്പെട്ടോ കാണാതായോ പോയിട്ട്, ബാക്കിയായവരുടെ വിറങ്ങലിച്ച പോയ മാനസികാവസ്ഥയും ഭയപ്പെടുത്തുന്നതാണ്.-  അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങള്‍ ക്യാംപിനുള്ളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചു. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 288 ആയി. ഇതില്‍ 23 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെ ഇന്നും തുടരുകയാണ്. ഇന്ന് മുണ്ടക്കൈയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ വിവിധ കടവുകളില്‍ നിന്നായി ഇന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവരെ 142 മൃതദേഹങ്ങളാണ് നിലമ്പൂര്‍, പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തത്.

ENGLISH SUMMARY:

Shafi Parambil facebook post about Wayanad landslides