പാലക്കാട് വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്ന് വീണുണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ ബസുദേവ്. ഭാര്യയും രണ്ട് വയസുള്ള കുഞ്ഞുമാണ് വിട്ടുപിരിഞ്ഞത്. ഫാമിലെ തൊഴിലാളിയും പശ്ചിമ ബംഗാൾ സ്വദേശിയുമായ ഷമാലി, മകൻ സാമി റാം എന്നിവരാണ് മരിച്ചത്. അപകടവിവരം ഒരുമണിക്കൂര്‍ കഴിഞ്ഞാണ് ഒപ്പമുള്ളവര്‍ അറിഞ്ഞത്.
സിമന്റും വെട്ടുകല്ലും കൊണ്ട് ഒന്നര വർഷം മുൻപ് നിർമിച്ച താൽക്കാലിക ജലസംഭരണിയാണ് തകർന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ശരീരത്തിന് മുകളിലേക്ക് സിമന്റ് കട്ട ഉൾപ്പെടെയുള്ള ഭാഗങ്ങൾ പതിക്കുകയായിരുന്നു. പുറത്ത് പോയിരുന്ന ഷമാലിയുടെ ഭർത്താവ് ബസുദേവ് ഉൾപ്പെടെ ഒരു മണിക്കൂറിന് ശേഷമാണ് അപകടവിവരമറിഞ്ഞത്. ആദ്യം കുഞ്ഞിനെയും പിന്നീട് അമ്മയെയും പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു
ഫാം ഉടമയോടൊപ്പം പുറത്തുപോയി വന്നപ്പോഴേക്കു ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും നഷ്ടപ്പെട്ട ദുഖത്തിലാണ് ബസുദേവ്. കുഞ്ഞിനെ കൊഞ്ചിച്ചും കളിപ്പിച്ചും യാത്രപറഞ്ഞുപോയ ബസുദേവ് തിരിച്ചെത്തിയപ്പോഴാണ് അപകട ദൃശ്യം കാണുന്നത്. വാവിട്ടു നിലവിളിച്ച ബസുദേവ് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ആറു മാസം മുൻപാണു ബസുദേവ് ഭാര്യയും കുഞ്ഞുമായി ഇവിടെയെത്തിയത്. ഫാമിനോടു ചേർന്ന മുറിയിലായിരുന്നു താമസം. ഫാമിലെ ആറു പശുക്കൾക്കും തീറ്റയും വെള്ളവും കൊടുക്കുന്നതു ഷൈമിലിയായിരുന്നു. അവർ ഇന്നലെ രാവിലെ അരിഞ്ഞുവച്ച പുല്ലുകെട്ടും കണ്ടുനിന്നവരിൽ നൊമ്പരമായി
കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയ സമയത്തായിരിക്കാം അപകടമുണ്ടായതെന്നും കുഞ്ഞ് ദൂരേയ്ക്ക് തെറിച്ച് കിടക്കുകയായിരുന്നുവെന്നും വെള്ളിനേഴി ഗ്രാമ പഞ്ചായത്തംഗം സി. ജലജ. പിന്നീട് അന്വേഷിക്കുമ്പോഴാണ് ഷമാലിയുടെ മൃതദേഹം കോണ്‍ക്രീറ്റ് കട്ടയുടെ അടിയില്‍ കിടക്കുന്നതായി കണ്ടതെന്നും അവർ വിശദീകരിച്ചു.
നെല്ലായ സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് പശു ഫാം. മരിച്ച ഷമാലി ആറ് മാസമായി ഭർത്താവിനൊപ്പം ഫാമിനോട് ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്. കൂടുതല്‍ വെള്ളം സംഭരിച്ചതും ടാങ്കിന്റെ ബലക്കുറവും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.