കാൻസർ വന്നു, ഒരു കാല് മുറിച്ചു മാറ്റി.. എന്നിട്ടും ഒരല്പം പോലും തളർത്താനാവാത്ത ഒരു പോരാളിയുണ്ട് സുൽത്താൻ ബത്തേരി പാട്ടവയലിൽ. ജംഷീർ എന്നാണ് പേര്. കഴിഞ്ഞ ആഴ്ച അവസാനിച്ച വീൽചെയർ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ വെടിക്കെട്ട് തീർത്ത് ഉത്തരാഖണ്ഡിന് കപ്പ് നേടിക്കൊടുത്തത് ജംഷീറാണ്. കൃതിമ കാല് ഘടിപ്പിച്ചു ഉയരങ്ങളിലേക്ക് ട്രക്കിങ് നടത്തി അതിശയിപ്പിക്കുന്നുമുണ്ട് ജംഷീർ.
കാൻസർ ബാധിച്ച് നാല് വർഷം മുമ്പാണ് ജംഷീറിന്റെ കാല് മുറിച്ചു മാറ്റിയത്. എല്ലാം അവിടെ അവസാനിച്ചെന്നായിരുന്നു വിചാരം. പക്ഷെ വിധിയെ പോലും നോക്കുകുത്തിയാക്കി ജംഷീർ.
ഇന്ന് ക്രിക്കറ്റും യാത്രകളുമൊക്കെയായി തിരക്കിലാണ്. കഴിഞ്ഞ മാസം നടന്ന വീൽച്ചയർ കിക്കറ്റ് പ്രീമിയർ ലീഗിൽ ഉത്തരാഖണ്ഡിനു കപ്പ് നേടി കൊടുക്കുന്നത് വരെ എത്തി കാര്യങ്ങൾ. ഫൈനലിൽ മാൻ ഓഫ് ദി മാച്ചായതും ജംഷീറാണ്.
യാത്രയാണ് പ്രധാന മരുന്ന്. കൃതിമ കാൽ പിടിപ്പിച്ച് കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ. വയനാട്ടിൽ ജംഷീർ എത്താത്ത കുന്നും മലയുമില്ലെന്നായി. പ്രിയപ്പെട്ട സുഹൃത്തുക്കളുടെ കയ്യും പിടിച്ചങ്ങ് ഇറങ്ങും, യാത്രകളെ പറ്റി ചോദിച്ചാൽ ഉടൻ മറുപടി.
വേദന തോന്നാറുണ്ട്. പക്ഷെ കീഴടങ്ങാറില്ല, കീഴടങ്ങിയാൽ തോറ്റു പോയെന്നാണർഥം. വേദനകളെ യാത്ര കൊണ്ട് മറയ്ക്കും. ചിരിച്ചു കൊണ്ട് പ്രതിരോധിക്കും. ജംഷീറിന്റെ ശീലം അതാണ്. ബിരിയാണി ഉണ്ടാക്കി കിട്ടുന്ന പണമാണ് ദൈനം ദിന ചിലവുകൾക്കും ചികിൽസക്കും യാത്രക്കും ഉപയോഗിക്കുക. കൂട്ടുകാരും സഹായിക്കും.
ഇടിഞ്ഞു വീഴാറായ കൊച്ചു വീട്ടിൽ നിന്ന് വേദനകളെ പരാജയപ്പെടുത്തിയുള്ള ജംഷീറിന്റെ അതിജീവിനത്തിനാണ് നൂറിൽ നൂറാണ് മാർക്ക്. വിധിയോടും അവശതകളോടും ജംഷീറിന് പറയാനുള്ളത് തന്നെ നമുക്ക് പറയാം.. തളരാൻ മനസില്ലന്നെ...