vc-abhilash-mm-mani

സ്ഥിരമായി കറണ്ട് പോകുന്നതും മോശം പ്രവര്‍ത്തനവും കൊണ്ട് വൈദ്യുതി വകുപ്പിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ  നെടുമങ്ങാട് കെഎസ്ഇബിയില്‍ വിളിച്ചപ്പോഴുള്ള മോശം അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ വി സി അഭിലാഷ്. ഓരോ രാത്രിയും ഇരുപത്തിയഞ്ച് തവണ കറണ്ട് പോകുമെന്നും ഫോണ്‍വിളിക്കുമ്പോഴുള്ള  പ്രതികരണം ശരിയല്ലെന്നും കുറിപ്പില്‍ പറയുന്നു. കൺസ്യൂമർ പേര് ചോദിച്ചാൽ പ്രകോപിതനാവുന്ന അസിസ്റ്റന്റ് ഇഞ്ചിനീയർമാരുടെ നാടിന്‍റെ പേരാണ് കേരളമെന്നും എം.എം മണി  വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു കാര്യത്തിന് വിളിച്ച് സംസാരിച്ചത് ഇപ്പോഴും ഓർക്കുന്നുവെന്നുംഎത്ര സഹൃദയത്വത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും  കുറിപ്പില്‍ പറയുന്നു

കുറിപ്പ് 

ഏതാണ്ട് രണ്ടു കൊല്ലങ്ങളായി എന്റെ പരിസര പ്രദേശങ്ങളിൽ  വൈദുതി മുടക്കം സ്ഥിരമാണ്. ഇത് സംബന്ധിച്ച്  നിലവിലെ നെടുമങ്ങാട്  KSEB A.E യുമായി ഫോണിൽ സംസാരിച്ചു. 

ഇടയ്ക്ക് 'സാറിന്റെ പേരെന്താ?' എന്ന് ഞാൻ ചോദിച്ചു.

സാറ്‌ :  ദീ...

വ്യക്തമാവാത്തത് കൊണ്ട് വീണ്ടും ചോദിച്ചു.

ഞാൻ :  എന്താണ് ?

അപ്പോൾ ദേഷ്യത്തോടെ സാറ്‌ :  റെക്കോർഡ് ചെയ്യണണെങ്കില് ഞാൻ ഉറക്കെ പറയാം. ദീപക്! അതാണെന്റെ പേര് !

കൺസ്യൂമർ പേര് ചോദിച്ചാൽ പ്രകോപിതനാവുന്ന അസിസ്റ്റന്റ് ഇഞ്ചിനീയർമാരുടെ നാടിൻറെ പേരാണ് കേരളം.

കൺസ്യൂമർ വിളിക്കുമ്പോ വിനയത്തോടെ, സഹൃദയത്വത്തോടെ മറുപടി പറയണം എന്നൊക്കെയാണ് ചട്ടം.  ഓരോ രാത്രിയും ഇരുപത്തിയഞ്ച് തവണ കറണ്ട് പോക്ക്  അഭിമുഖീകരിക്കുന്ന  ഒരു കൺസ്യൂമറിനോടാണ്, ആറു മാസങ്ങളായി ഒരു വിഷയത്തിന് പരിഹാരം ഉണ്ടാക്കാൻ കാര്യശേഷിയില്ലാത്ത ഈ സാറന്മാരുടെ ഇപ്പടി പ്രതികരണം.

NB : ശ്രീ. എം.എം മണി  വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു കാര്യത്തിന് വിളിച്ച് സംസാരിച്ചത് ഇപ്പോഴും ഓർക്കുന്നു. എത്ര സഹൃദയത്വത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത് ! 

വിവരം വയ്ക്കാൻ വലിയ ഡിഗ്രിയും ഡിപ്ലോമയും വേണ്ടെന്ന് മനസിലായില്ലേ?