rahul-gandi

രാഹുൽ ഗാന്ധി ജനങ്ങളോട് ഇടപെടുന്ന രീതി പലപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. സാധാരണക്കാർക്ക് ഇടയിലേക്കിറങ്ങി അവരിൽ ഒരാളായി പെരുമാറുന്ന അദ്ദേഹം സോഷ്യൽ വാളുകളിലെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയെ ഡിജിറ്റൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്. 

വയനാട് ലോക്സഭ മണ്ഡലത്തിന് നന്ദി പറയാനെത്തിയപ്പോഴാണ് രാഹുലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഭക്ഷണം കഴിക്കാനായി താമരശ്ശേരിയിലെ വൈറ്റ് ഹൗസ് എന്ന റെസ്റ്റോറൻ്റിൽ എത്തിയത്. രുചികരമായ ഭക്ഷണം കഴിച്ച ശേഷം അതുണ്ടാക്കിയവർക്ക് നന്ദി പറയാനും അവർ മറന്നില്ല. അഭിനന്ദനം മറ്റാരുടെയും കയ്യിൽ കൊടുത്തുവിടാതെ നേതാക്കള്‍ നേരെ അടുക്കളയിലേക്കെത്തി. എല്ലാ ജീവനക്കാരെയും കണ്ട് നേരിട്ട് നന്ദി അറിയിച്ചു. 

തിരശ്ശീലയ്ക്ക് പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന ആളുകൾക്ക് നന്ദി പറയാൻ ഞങ്ങൾ പലപ്പോഴും മറക്കുന്നു. വയനാട്ടിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരിയിലെ വൈറ്റ് ഹൗസ് എന്ന റെസ്റ്റോറൻ്റിൽ രുചികരമായ ഉച്ചഭക്ഷണം കഴിക്കാൻ ഞങ്ങൾ വണ്ടി നിർത്തി. അവരുടെ അടുക്കളയിൽ കയറി ഇന്ന് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പുവരുത്തിയ ഷെഫുകളോടും ജീവനക്കാരോടും എല്ലാവരോടും നന്ദി പറയണമെന്ന് തോന്നി എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വീഡിയോ പങ്കുവെച്ചത്.

രാഹുൽ ഗാന്ധിയെ കാണാനായി ഓടിവരുന്ന ജീവനക്കാരെയും ഫോട്ടോ എടുക്കുന്നവരെയുമൊക്കെ വീഡിയോയിൽ കാണാം. ദേശീയ നേതാവിനെ നേരിൽ കണ്ടതിന്‍റെ അങ്കലാപ്പിൽ നിൽക്കുന്ന ജിവനക്കാരെ രാഹുൽ ആലിംഗനം ചെയ്യുന്നുണ്ട്. നിമിഷം നേരം കൊണ്ടുതന്നെ വീഡിയോ ഹിറ്റ് ആയി. എളിമയാണ് അയാളെ വലിയവനാക്കുന്നത്, അയാൾ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ യഥാർത്ഥ ഇന്ത്യക്കാരനാണ്, ബാരിക്കേഡുകൾ ഇല്ലാത്ത സൗഹൃദം എന്നിങ്ങനെയൊക്കാണ് വീഡോയുടെ കമന്‍റുകള്‍. 

ENGLISH SUMMARY:

Video of Rahul thanking for food goes viral