കുവൈത്ത് അപകടം ബാക്കിയാക്കുന്നത് കുറേ പാവപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളെ കൂടിയാണ്. പണിതീരാത്ത വീട് പൂർത്തിയാക്കുക എന്ന ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഉഴമലയ്ക്കൽ സ്വദേശി അരുൺ ബാബുവിനൊപ്പം എരിഞ്ഞടങ്ങിയത്. കടക്കെണിയിൽ നട്ടം തിരിഞ്ഞതോടെയാണ് വീട് പണി പാതിയിൽ നിലച്ചത്. സഹോദരി പനി ബാധിച്ച് മരിച്ചതിനു പിന്നാലെയാണ് കുവൈത്ത് ദുരന്തത്തില്‍ അരുണിൻ്റെ ദുരന്തം കൂടി കുടുംബത്തെ തകർക്കുന്നത്.
അമ്മയും ഭാര്യയും രണ്ട് ചെറിയ പെൺകുട്ടികളും അടങ്ങുന്ന കുടുംബമാണ് അനാഥമായത്. അരുണ്‍ ബാബുവിന്‍റെ പ്രായമായ അമ്മയെ മരണ വിവരം അറിയിച്ചിട്ടില്ല. അരുണിന്‍റെ സഹോദരി പനി ബാധിച്ച് മരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അമ്മയുടെ സഹോദരി വഴി തരപ്പെടുത്തിയ വിസയിലൂടെ 8 മാസം മുമ്പ് മാത്രമാണ് കുവൈത്തിലേക്ക് അരുണ്‍ പോയത്.