ഇറാഖ് യുദ്ധകാലത്ത് മലയാളികളുടെ മനസിലെ ആശങ്കയായിരുന്നു കുവൈത്ത്. വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ കണ്ണീരും. ഇതാദ്യമായാണ് ഗള്‍ഫിലെ ഒരു ദുരന്തത്തില്‍ ഇത്രയേറെ ഇന്ത്യക്കാര്‍ ഒന്നിച്ചു മരിക്കുന്നത്. ഏറെയും ദുരന്തങ്ങള്‍ ഉണ്ടായത് ജൂണ്‍ മാസത്തിലും.
തെക്കന്‍ കുവൈത്തിലെ ഈ ഫ്ലാറ്റില്‍ പടര്‍ന്ന തീ ആളിയത് ഇവിടെ ഉറ്റവരുടെ നെഞ്ചിലാണ്. 25 വര്‍ഷം മുന്‍പ് വെള്ളം ഇതേപോലെ മലയാളികളെ കണ്ണീര് കുടിപ്പിച്ചു. 2009 ജൂണ്‍ 30ന് ചൊവ്വാഴ്ച ഖത്തര്‍ തീരക്കടലില്‍ കനത്ത കാറ്റില്‍ പെട്ട് എണ്ണ പര്യവേഷണ കപ്പലായ ഡമാസ് വിക്ടറി മുങ്ങി 30 പേരും മരിച്ചു. 16 ഇന്ത്യക്കാരില്‍ മരിച്ചത് മൂന്ന് മലയാളികള്‍. ഇരുപത് മീറ്ററോളം താഴെ കീഴ്‌മേലായി മറിഞ്ഞനിലയിൽ കണ്ടെത്തിയ കപ്പൽ ഏഴ് ദിവസം കൊണ്ടാണ് ഉയര്‍ത്തി 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
എച്ച്‌ബികെ പവർ ക്ലീനിങ് കമ്പനി ജീവനക്കാരായ കൊച്ചി ചെറുവൈപ്പ്, മലപ്പുറം ചങ്ങരംകുളം, കൊല്ലം കൊട്ടിയം സ്വദേശികളാണ് അന്ന് മരിച്ചത്. 2019 ജൂണില്‍ ദുബായില്‍ ബസ് ഇരുമ്പ് ബീമില്‍ ഇടിച്ച് മരിച്ചത് എട്ടു മലയാളികളടക്കം 10 ഇന്ത്യക്കാരാണ്. മിക്കവരും ഒമാനില്‍ ഈദ് അവധിക്കു പോയി മടങ്ങുകയായിരുന്നു. 2011 ജൂലൈയില്‍ റിയാദിൽ സൂപ്പർമാർക്കറ്റ് കെട്ടിടത്തിന്റെ മുകൾനിലയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു മലയാളികളും ഒരു മംഗലാപുരം സ്വദേശിയും ഉൾപ്പെടെ ഏഴുപേർ മരിച്ചു.2023 മാര്‍ച്ചില്‍ ഖത്തറില്‍ കെട്ടിടം തകര്‍ന്ന് നാല് മലയാളികള്‍ മരിച്ചിരുന്നു. മൂന്നു മലപ്പുറം സ്വദേശികളും ഒരു കാസര്‍കോട് സ്വദേശിയും. 2009 മേയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ചതാണ് തിരുവനന്തപുരം നേമത്തെ ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ദുരന്തം.