senoob

രണ്ടുവര്‍ഷം മുന്‍പ് അപകടത്തില്‍ പരുക്കേറ്റ മുപ്പത്തിയൊന്‍പതുകാരന്‍ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. എറണാകുളം എടയ്ക്കാട്ടുവയലിലെ പി.എസ് സെനൂപാണ് ചികില്‍സയ്ക്കായി പണമില്ലാതെ വലയുന്നത്. എല്ലുപൊട്ടിയതിനെ തുടര്‍ന്ന് കൈയുടെ ചലനശേഷി നഷ്ടപ്പെട്ട സെനൂപിന് നിത്യവൃത്തിയ്ക്കുപോലും വകയില്ല.

2022 ഓഗസ്റ്റിലാണ് സെനൂപ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ  അപകടത്തില്‍പെടുന്നത്. ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ചുവീണ സെനൂപിന്‍റെ കൈ ഒടിഞ്ഞു. ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും പൊട്ടിയ എല്ല് പഴയപടി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. കൈയുടെ ചലനശേഷിയും നഷ്ടമായി. അപകടം നടന്ന് രണ്ടുവര്‍ഷമായിട്ടും, മുറിവ് ഉണങ്ങിയിട്ടില്ല. കൈമുട്ടിനോട് ചേര്‍ന്നഭാഗത്തെ മാംസം തൊലിയ്ക്ക് പുറത്തേയ്ക്ക് തുറന്നിരിക്കുന്ന നിലയിലാണ്. മുറിവില്‍ നിന്ന് എപ്പോഴും രക്തമൊലിക്കും. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, എല്ലാ ദിവസവും മുറിവ് വൃത്തിയാക്കി മരുന്നുപുരട്ടണം. ആശുപത്രിയില്‍ പോകാന്‍ പണമില്ലാത്തതുകൊണ്ട് സെനൂപ് തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. 

 

വിദഗ്ധ ചികില്‍സ കൊണ്ടുമാത്രമേ സെനൂപിന്‍റെ ദുരിതം മാറ്റാനാവൂ. അതിനുള്ള പണം കണ്ടെത്താനാണ് ഈ നിര്‍ധന കുടുംബം സഹായം ആവശ്യപ്പെടുന്നതും. അപകടമുണ്ടാകുന്നതിനുമുന്‍പ്, നാട്ടിലെ മികച്ച ഇലക്ട്രീഷ്യനായിരുന്നു സെനൂപ്. കൈയിലെ മുറിവെല്ലാം ഉണങ്ങി പണ്ടത്തെപോലെ ആ തൊഴില്‍ തന്നെ ചെയ്യുന്നത് സ്വപ്നം കാണുകയാണ് ഈ യുവാവ്.