kerala-congress-joseph

സംസ്ഥാന പാർട്ടിയാകാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ജോസഫിന്‍റെ ചിഹ്നം ഭാഗ്യചിഹ്നമായ ഓട്ടോറിക്ഷ തന്നെ. ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആക്കാമെന്നാണ് പാർട്ടി തീരുമാനം. ഫ്രാൻസിസ് ജോർജ് കോട്ടയത്ത് ജയിച്ചതോടെയാണ്  കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന പാർട്ടിയാകുന്നത്. 

 

ഓട്ടോയിലേറി കോട്ടയം കയറിയ കേരള കോൺഗ്രസ് ജോസഫിന്‍റെ മുഖം ഇനി ഓട്ടോറിക്ഷ തന്നെയാകും. നാല് എംഎൽഎമാരോ ഒരു ലോക്സഭാംഗമോ ഉണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പാർട്ടിയെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കൂ. ഫ്രാൻസിസ് ജോർജിന്‍റെ വിജയത്തോടെ  സംസ്ഥാന പാർട്ടിയാകാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ജോസഫിലെ ഒറ്റക്കെട്ടായി തീരുമാനവും ഓട്ടോറിക്ഷയ്ക്ക് വേണ്ടിയായിരുന്നു.

കോട്ടയം ലോക്സഭാ മണ്ഡലത്തിലാകെ പരിചിതമായ ചിഹ്നം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യും എന്നും കണക്കുകൂട്ടുന്നു. ഫ്രാൻസിസ് ജോർജിന്റെ എംപിയായുയുള്ള സത്യപ്രതിജ്ഞയ്ക്കുശേഷം സംസ്ഥാന പാർട്ടിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകും..ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനത്തിലേക്ക് എത്താൻ  വരുന്നയാഴ്ച പാർട്ടി ഹൈപ്പവർ കമ്മിറ്റി ചേരും. കേരള കോൺഗ്രസ് എമ്മുമായി ലയിക്കുന്നത് വരെ  സൈക്കിൾ ആയിരുന്നു കേരള കോൺഗ്രസ് ജോസഫിന്റെ ഔദ്യോഗിക ചിഹ്നം.