കെഎസ്‍യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് കെഎസ്‍യു. നഴ്സുമാര്‍ക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രം കെഎസ്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. പരിയാരം മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യത്തിൽ മന്ത്രി ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും ഫര്‍ഹാന്‍ ആരോപിച്ചു.
കൈക്ക് ഒരു സൂചി പോലും ഇടാതെ, ബിപി യുടെ കഫ് കെട്ടാതെ, മോണിറ്റർ സംവിധാനം വെക്കാതെ, നാലഞ്ച് സ്റ്റാഫുകളെ തനിക്ക് വേണ്ടി മാത്രം നിയോഗിച്ചിരിക്കുകയാണെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. ഐസിയുവില്‍ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ഉണ്ട്. ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ലാതിരുന്നിട്ടും സിപിഎം അനുകൂല സ്റ്റാഫുകളുടെ കൂടെ മന്ത്രി ഫോട്ടോഷൂട്ട് നടത്തുകയാണ്. ഇത്തരത്തിൽ മന്ത്രിമാർക്ക് പ്രഹസനം തീർക്കാൻ വേണ്ടിയുള്ളതാണോ ഗവ. മെഡിക്കൽ കോളേജ് ഐ.സി.യുകളും ആശുപത്രികളും എന്നും ഫര്‍ഹാന്‍ ചോദിക്കുന്നു.
ആരോഗ്യനില മെച്ചപ്പെട്ടു ആരോഗ്യമന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ലെന്നാണാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. നിരന്തര നിരീക്ഷണം വേണ്ടതിനാല്‍ ഐസിയുവില്‍ തുടരാനാണ് തീരുമാനം. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല. നിലവിലുള്ള ശാരീരിക അവസ്ഥയിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരും. മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.