തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശം വിവാദത്തില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നുവെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാർക്കും ക്ഷേമപെൻഷൻ വാങ്ങുന്നവർക്കും അവരുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന മെസ്സേജുകൾ ആണിത്. ഈ മാസത്തെ ക്ഷേമപെൻഷൻ ഫെബ്രുവരി 25 മുതൽ വിതരണം ചെയ്യുമെന്നും ഇതിനായി സർക്കാർ 1050 കോടി രൂപ അനുവദിച്ചു എന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശത്തിന്റെ ഉള്ളടക്കം. സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ശേഖരിച്ച മൊബൈൽ ഫോണ്‍ നമ്പറുകളിലേക്ക് ഇത്തരത്തിൽ സർക്കാരിന്റെ പ്രചാരണ സന്ദേശം എത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോർത്തിയാണ് എന്നതാണ് പ്രതിപക്ഷ ആരോപണം. ഡേറ്റ ചോര്‍ച്ച അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡേറ്റ ചോർത്തിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് നിയമപരമായി നീങ്ങുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി.
77.42 ലക്ഷം പേരുടെ ഔദ്യോഗിക ഡേറ്റ ചോർത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ഇത്തരം വ്യക്തിഗത വിവരങ്ങള്‍ മറ്റു പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഈ ചട്ടം നിലനില്‍ക്കെയാണ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുളള വഴിവിട്ട നീക്കം. ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആയിരുന്നു. സർക്കാർ ഇനിയും ആരോപണങ്ങൾക്ക് ഉത്തരം പറഞ്ഞിട്ടില്ല.