madhusudan-mistry-kodikunnil

ആദ്യ സ്ഥാനാർഥി പട്ടിക കേന്ദ്ര  തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് സമർപ്പിക്കും മുൻപായി എംപിമാരെ വിശദമായി കേട്ട് കോൺഗ്രസ് നേതൃത്വം. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥി പ്രഖ്യാപനം തിടുക്കപ്പെട്ടു വേണ്ടെന്നും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് മതി എന്നുമാണ് ധാരണ.

ആദ്യ സ്ഥാനാര്‍ഥി പട്ടികയിൽ സിറ്റിങ്, സംവരണ മണ്ഡലങ്ങൾക്കൊപ്പം പ്രഖ്യാപിക്കാൻ ഇരിക്കുന്ന ഒറ്റ പേരിലേക്ക് എത്തിയ മണ്ഡലങ്ങളുടെ കാര്യത്തിൽ പല എംപിമാർക്കും എതിർപ്പുണ്ട്. വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല എന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് എംപിമാരെ വിശദമായി കേൾക്കുന്നത്. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിപ്രായം തേടി. മുത്താര രാജിന്റെ പേരാണ് മാവേലിക്കരയിൽ കൊടിക്കുന്നിൽ മുന്നോട്ട് വക്കുന്നത്. 

യുഡിഎഫ് അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും മധുസൂദൻ മിസ്ത്രി പറഞ്ഞു. സ്ഥാനാർഥി ചർച്ചകൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത് എന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

സ്ക്രീനിങ് കമ്മിറ്റി 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 22 ന് ആദ്യ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറും. വി ഡി സതീശന്റെ യാത്ര തുടരുന്നതും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നതും കണക്കിലെടുത്ത് സ്ഥാനാർഥി പട്ടിക പുറത്തുവിടുന്നത്  മാർച്ച് ആദ്യപകുതിയിലേക്ക് നീട്ടാനാണ് നീക്കം.

ENGLISH SUMMARY:

The screening committee has prepared the first list of 40 candidates, and the Congress leadership has listened to the MPs in detail before submitting the initial candidate list to the Central Election Committee. Screening Committee chairman Madhusudan Mistry held discussions with MP Kodikkunnil Suresh. The general understanding is that the candidate announcement should not be rushed and can be made just before the election date is officially declared.