തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ സി.പി.എമ്മിന് വന്‍ തിരിച്ചടിക്ക് കാരണക്കാരായ വിമതര്‍, ഇന്ത്യാ മുന്നണി മാതൃകയില്‍ ഏകീകൃത പ്ലാറ്റ്ഫോമുമായി രംഗത്തുവരുന്നതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങുകയാണ് സി.പി.എം... വിമതര്‍ ഒന്നിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും തോല്‍വിക്ക് കാരണമാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ വിലയിരുത്തല്‍. വിഷയം അടുത്ത ജില്ലാക്കമ്മറ്റി യോഗത്തിലും ചര്‍ച്ചയാകും.
തദ്ദേശതിരഞ്ഞെടുപ്പില്‍ സിപിഎം വിമതരും യുഡിഎഫും ചേര്‍ന്ന് ഇന്ത്യാസഖ്യം എന്ന പേരില്‍ കൊഴിഞ്ഞാമ്പാറയില്‍ ഭരണം പിടിച്ചത് എല്‍ഡിഎഫിനെ ഞെട്ടിച്ചിരുന്നു. 13 സീറ്റ് സഖ്യം നേടിയപ്പോള്‍ സിപിഎം നാല് സീറ്റില്‍ ഒതുങ്ങി. വടക്കഞ്ചേരി, കിഴക്കഞ്ചേരി മേഖലകളില്‍ വോയ്സ് ഓഫ് വടക്കഞ്ചേരി എന്ന പേരിലും സിപിഎം വിമതര്‍ മല്‍സരിച്ച് മികച്ച പ്രകടനം നടത്തി. മണ്ണാര്‍ക്കാട് ഭാഗത്ത് പികെ ശശിയെ അനുകൂലിക്കുന്നവരും പ്രത്യേകം മല്‍സരിച്ചു. ഇവരെയെല്ലാം ഇന്ത്യാസഖ്യം എന്ന ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. സിപിഎമ്മുമായി അഭിപ്രായവ്യത്യാസമുള്ള മുന്‍ എംഎല്‍എ പികെ ശശിയെ കൂട്ടായ്മയിലേയ്കക്ക് എത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഒപ്പം വിഎസ് അച്യുതാനന്ദന്‍റെ മുന്‍ പഴ്സനല്‍ അസിസ്റ്റന്‍റ് എ.സുരേഷിനെയടക്കം കൂട്ടായ്മയുടെ ഭാഗമാക്കും.
കൂട്ടായ്മ യാഥാര്‍ഥ്യമായാല്‍ പല മണ്ഡലങ്ങളിലും നിര്‍ണായക ഘടകമായി ഇവര്‍ മാറും. ജയിക്കാനുള്ള ശക്തി ഇല്ലെങ്കിലും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം തോല്‍വി ഉറപ്പാക്കാന്‍ വിമതര്‌ക്ക് കഴിഞ്ഞേക്കും. അതിനാല്‍ തന്നെ വിമതരുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ജില്ലയിലെ സിപിഎം എല്‍ഡിഎഫ് നേതൃത്വം.