a-suresh-cpm

 

സി.പി.എമ്മില്‍ തിരിച്ചെടുക്കണമെന്ന ആവശ്യം പരിഗണിക്കാത്തത് ചോദ്യം ചെയ്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് വി.എസിന്‍റെ മുന്‍ പി.എ എ.സുരേഷിന്‍റെ തുറന്ന കത്ത്. 13 വര്‍ഷമായി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന തന്നെ പലതവണ അപേക്ഷിച്ചിട്ടും തിരിച്ചെടുക്കാത്തതില്‍ കടുത്ത അമര്‍ഷവും ദുഖവും പ്രകടിപ്പിച്ചാണ് സുരേഷ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പാര്‍ട്ടി അംഗത്വം തിരിച്ചുകിട്ടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിശദമാക്കുന്ന കുറിപ്പില്‍ ഇപ്പോഴത്തെ നേതൃത്വത്തിന്‍റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്നുമുണ്ട്.

 

‘നേതൃത്വത്തിലെ ചിലർ അവർ മാത്രം മതി ഈ പാർട്ടിയിൽ എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നത്. അത് പാർട്ടിക്ക് നല്ലതല്ല, തിരുത്തണം. ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ? അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്?’ – സുരേഷ് ചോദിച്ചു. 2013 മേയിലാണ് സിപിഎം കേന്ദ്രകമ്മിറ്റി സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റികളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വി.എസിന്‍റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ചു, പാര്‍ട്ടിവിരുദ്ധ മാധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു തുടങ്ങി ഏഴ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കത്തിന്‍റെ ചിത്രവും സുരേഷ് പങ്കുവച്ചു.

vs-a-suresh

 

എം.എ.ബേബിയെ അഭിസംബോധന ചെയ്ത് സുരേഷ് പോസ്റ്റ് ചെയ്ത തുറന്ന കത്തിന്‍റെ പൂര്‍ണരൂപം:

 

‘സഖാവേ, എന്നെ സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കിയത് 2013 മെയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്. പാർട്ടി കമ്മറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി, സ. വിഎസിന്‍റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു, പാർട്ടിവിരുദ്ധമാധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു തുടങ്ങി ഏഴോളം കുറ്റങ്ങളാണ് എനിക്കെതിരെ ചാര്‍ത്തിയത്. ഞാൻ വെറും ഒരു പാർട്ടി അംഗം മാത്രമാണ്. ഉപരി കമ്മറ്റികളിൽ നടക്കുന്ന കാര്യങ്ങൾ എനിക്ക് അപ്രാപ്യമാണെന്ന കാര്യം താങ്കൾക്ക് അറിവുള്ളതാണല്ലോ. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും പി.എ. എന്ന നിലയ്ക്ക് മാധ്യമ പ്രവർത്തകർ എന്നെ ബന്ധപ്പെടുക സ്വഭാവികമാണ്. 

 

എന്‍റേത് ഒരു പാർട്ടി കുടുംബമാണ്. ഓർമ്മവച്ച നാൾ മുതൽ വീട്ടിൽ നടക്കുന്ന തറ യോഗങ്ങളും കുടുംബ യോഗങ്ങളും കണ്ടാണ് ഞാൻ വളർന്നത്. ആ പശ്ചാത്തലത്തിൽ വളർന്നുവന്ന എന്നെ സംബന്ധിച്ച് പാർട്ടി എനിക്ക് ജീവ വായുവാണ്. പുറത്താക്കിയ നടപടിക്ക് ശേഷം ഞാൻ പാർട്ടി സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണനെ സമീപിച്ച് അപ്പീൽ കൊടുത്തു. അദ്ദേഹം അനുഭാവപൂർവം പരിഗണിച്ചിരുന്നു. (അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും). 

a-suresh

 

കോടിയേരി ജില്ലാ സെക്രട്ടറിയെ കാണാൻ ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ സെക്രട്ടറി സ. സി.കെ.രാജേന്ദ്ര നെ കണ്ടു. പിന്നീട് ഒരു വിവരവും കിട്ടാതായപ്പോൾ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു  പരിഗണനയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും നടക്കാതെ വന്നപ്പോൾ പൊളിറ്റ് ബ്യൂറോ അംഗം സ എം.എ.ബേബിയെ സമീപിച്ചു. അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടു. ജില്ലാ സെക്രട്ടറിയെ വീണ്ടും കാണാൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയെ തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ ചെന്ന് വീണ്ടും കണ്ടു പരിഗണിക്കുന്നുണ്ട് എന്നായിരുന്നു മറുപടി.

 

പിന്നീട് സ. കോടിയേരി അസുഖബാധിതനായപ്പോൾ ആക്റ്റിങ് സെക്രട്ടറിയായ സ. എ.വിജയരാഘവനെയും കണ്ട് അപ്പീൽ കൊടുത്തു. അതിനുശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സ ഇ.എൻ.സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ടുതന്നെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു. അദ്ദേഹം വീണ്ടും ഒരു അപ്പീൽ നൽകാൻ ആവശ്യപ്പെട്ടു അതും നൽകി. പിന്നീട് പാലക്കാട്‌ ഏരിയ സെക്രട്ടറിയെ കണ്ടു. ഗ്രൂപ്പിൽ എടുത്തു എന്ന വിവരം കിട്ടി. കാൻഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടു.

 

പാർട്ടിയിലേക്ക് തിരിച്ചുവരികയെന്നത് എന്‍റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു. അതിലൂടെ പാർട്ടി ചട്ടക്കൂടിൽ വരികയും മരിക്കുമ്പോൾ ചെങ്കൊടിപ്പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രയും കാലം ഞാൻ കാത്തിരുന്നത്. പുറത്താക്കപ്പെട്ട ഈ കാലയളവിൽ ഒരുപാട് തിക്താനുഭവങ്ങളും ഇന്‍സള്‍ട്ടും അനുഭവിക്കേണ്ടിവന്നു. പാർട്ടി പരിപാടികളിലും മറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു. കുറച്ചു കാലം ഗൾഫിൽ പോയി. ആദ്യത്തെ കമ്പനി പ്രതിസന്ധി നേരിട്ടപ്പോൾ പുതിയ ജോലി തേടിയിറങ്ങി. അപ്പോഴും മലയാളികൾ ഉൾപ്പെട്ട കമ്പനികൾ ജോലി തരാൻ ഭയപ്പെട്ടു. പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു. 

 

ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ. അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്? പാർട്ടി അനുഭാവിയായി മാത്രം ഇരുന്നാൽ പോരേ എന്ന് ഇത് വായിക്കുന്ന ചിലർക്ക് തോന്നാം. അവരെ ഞാൻ കുറ്റം പറയുന്നില്ല. പക്ഷെ പാർട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിതാവസാനം വരെ അല്ലല്ലോ. ഞാൻ ഈ പാർട്ടിയോട് ചേർന്നാണ് പുറത്താക്കിയ കാലമത്രയും സഞ്ചരിച്ചത്. അങ്ങനെയുള്ള എന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നത്? ഈച്ചരെ വാര്യരുടെ ഒരു വാചകമുണ്ട് – ‘എന്‍റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത് നിർത്തിയിരിക്കുന്നത്’ എന്ന്. എന്‍റെ അവസ്ഥയും ഏകദേശം അതാണ്.

 

ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കണമെന്നും അംഗമായിരുന്ന ഒരാളെ പുറത്തു നിർത്തുമ്പോൾ ഉള്ള മാനസിക വിഷമം എന്താണെന്നും അനുഭവിച്ചാൽ മാത്രമേ മനസ്സിലാവൂ.  ഇതെല്ലാം സഹിച്ചു നിൽക്കുന്നത് ഒരു പാർട്ടി അംഗത്വത്തിന് വേണ്ടി മാത്രമാണ്. എനിക്ക് അംഗത്വം നൽകിയാൽ എനിക്ക് നാളെ ഒരു പഞ്ചായത്ത്‌ മെമ്പർ പോലും ആകേണ്ട. പക്ഷെ പാർട്ടി അംഗത്വം എന്നത് ഒരു പാർട്ടി കുടുംബത്തിൽ നിന്നുള്ളവർക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെപ്പോലുള്ളവർക്ക് ചിലപ്പോൾ ഉൾകൊള്ളാൻ കഴിയും.

 

നേതൃത്വത്തിലെ ചിലർ അവർ മാത്രം മതി ഈ പാർട്ടിയിൽ എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നനത്. അത് ഈ പാർട്ടിക്ക് നല്ലതല്ല. അത് തിരുത്തണം. 

എന്നോട് ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ നേരിട്ടിട്ടും പുറത്തു പറയാൻ മടിച്ച് എത്രയോ പേർ ഇപ്പോഴും ഉണ്ട് . അവർക്കെങ്കിലും ഉപകാരപ്പെടട്ടെ. ഇത് വായിച്ചിട്ടും എന്നെ ക്രൂശിക്കാൻ സുഹൃത്തുക്കൾ ഉണ്ടാവും. എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല. ഞാൻ അതൊക്കെ സ്വീകരിക്കാൻ തയ്യാറാണ്. 12 വർഷം അനുഭവിച്ച തൊണ്ടയിലെ കനത്തെക്കാളും വരില്ല അത്. ഒരു ചോദ്യം ഇപ്പോഴുമുണ്ട്, എന്തായിരുന്നു സഖാവേ എന്നെ മെമ്പർഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത??? ’

 

അഭിവാദ്യങ്ങളോടെ 

 

എ സുരേഷ്

ENGLISH SUMMARY:

A. Suresh, the former private secretary to V.S. Achuthanandan, has written a poignant open letter to CPM leader M.A. Baby questioning his continued exclusion from the party. Expelled in 2013 on charges including leaking information to the media, Suresh highlights his decade-long struggle and multiple unsuccessful appeals to regain his membership. He expresses deep emotional distress, comparing his longing for the party to a "lifeline" and criticizing the current leadership for their exclusionary stance. The letter concludes with a firm demand to know what specific disqualification prevents his reinstatement despite his lifelong loyalty to the communist ideology.