മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിന് ലൈക്കടിച്ചതോടെ സ്ഥാനാര്‍ഥിത്വം നഷ്ടമായ നേതാവ് ഇനി സ്വതന്ത്രന്‍. പിണറായി വിജയനെതിരായ പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരിലായിരുന്നു സിപിഎം നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന മുത്തിപ്പാറ ബി.ശ്രീകണ്ഠന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത്. ഈ പശ്ചാത്തലത്തില്‍ ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. 

വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. ഇതോടെ ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്തു നല്‍കിയ ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണു സൂചന. പോസ്റ്ററുകള്‍ ഉള്‍പ്പെടെ അടിച്ച് പ്രചാരണം നടത്തുന്നതിന് ഇടയിലാണ് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. 

ഇതോടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ചു കത്തു നല്‍കുകയായിരുന്നു. ഇനി സ്വതന്ത്ര സ്ഥാനാര്‍ഥിയായി വോട്ടര്‍മാരെ കാണാനാണ് ശ്രീകണ്ഠന്റെ നീക്കം. 

ENGLISH SUMMARY:

Kerala politics takes a turn as a CPM leader loses candidacy after liking a social media post against the Chief Minister. He is now preparing to contest as an independent candidate in the upcoming election.