ഈമാസത്തെ ക്ഷേമ പെന്‍ഷന്‍ നിലമ്പൂര്‍ വോട്ടെുപ്പിന് മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. എല്ലാമാസവും അവസാന ആഴ്ചയിലാണ് ക്ഷേമ പെന്‍ഷന്‍ നല്‍കാറുള്ളത്. നിലമ്പൂരില്‍ 19ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അതിന് മുമ്പ് അക്കൗണ്ടുകളില്‍ പണമെത്തിക്കാനാണ് ശ്രമം. എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ ഈ വിമര്‍ശനത്തോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമായി ക്ഷേമ പെന്‍ഷന്‍ മാറിയിരുന്നു. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന പാവപ്പെട്ടവരെ കൈക്കൂലി വാങ്ങുന്നവരാക്കി അപമാനിച്ചുവെന്ന് ആരോപിച്ച് ഭരണപക്ഷവും പ്രതിരോധവുമായി പ്രതിപക്ഷവും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് നിലമ്പൂര്‍ വോട്ടെടുപ്പിന് മുമ്പ് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ് ഒരുങ്ങുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അതാത് മാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ മുടക്കമില്ലാതെ നല്‍കുന്നുണ്ട്. മാസത്തെ അവസാന ആഴ്ചയിലാണ് വിതരണം നടക്കാറ്. പക്ഷെ ഈമാസം മൂന്നാം ആഴ്ചയില്‍ തന്നെ അതായത് നിലമ്പൂരില്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുന്ന 19ന് മുമ്പ് ക്ഷേമ പെന്‍ഷന്‍ വീടുകളിലും അക്കൗണ്ടുകളിലുമെത്തണമെന്നതാണ് സര്‍ക്കാര്‍ താല്‍പര്യം. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂര്‍ മണ്ഡലത്തിലെ ഗുണഭോക്താക്കള്‍ക്ക് വോട്ടെടുപ്പിന് മുമ്പ് പെന്‍ഷന്‍ എത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രത്യേക അനുമതി സര്‍ക്കാര്‍ തേടും.
കഴിഞ്ഞ മാസം ഒരു മാസത്തെ കുടിശകയും ചേര്‍ത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനാണ് സര്‍ക്കാര്‍ നല്‍കിയത്. ഇനി രണ്ട് മാസത്തെ കുടിശിക മാത്രമാണ് ബാക്കിയുള്ളത്. അവ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത് തീര്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏതായാലും നിലമ്പൂരിലെ വോട്ടെുടുപ്പിന് തൊട്ട് മുമ്പ് പെന്‍ഷന്‍ നല്‍കിയാല്‍ കൈക്കൂലി ആരോപണം സാധൂകരിക്കപ്പെട്ടതായി യുഡിഎഫ് അവകാശപ്പെടുമോയെന്ന് കണ്ടറിയണം. അവകാശപ്പെട്ടാലും ഇല്ലെങ്കിലും അവസാനഘട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള മരുന്നായി ക്ഷേമ പെന്‍ഷനെ ഇടതുമുന്നണി ഉപയോഗിക്കും.