ദേശീയപാതയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സമീപനവും നിലമ്പൂരില്‍ ചര്‍ച്ചയാക്കി യുഡിഎഫ്. ദേശീയപാത വികസനത്തിന്‍റെ കാലനാകാന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ സി വേണുഗോപാല്‍ ശ്രമിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിക്കുമ്പോള്‍ ദേശീയപാതയില്‍ റിയാസിന് ആദ്യം തള്ളലും ഇപ്പോള്‍ തുള്ളലുമാണെന്നായിരുന്നു കെ പി സി സി പ്രസിഡന്‍റിന്‍റെ പരിഹാസം.
ദേശീയപാത തകര്‍ന്ന മലപ്പുറത്തോ മറ്റെവിടെങ്കിലുമോ മന്ത്രി മുഹമ്മദ് റിയാസ് ഇതുവരെ സന്ദര്‍ശിക്കാന്‍ തയാറായിട്ടില്ല. തകര്‍ച്ചയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെയോ ദേശീയപാത അതോറിറ്റിയോ കുറ്റപ്പെടുത്താന്‍ പോലും തയാറായിട്ടില്ലാത്ത റിയാസ് സ്ഥലം സന്ദര്‍ശിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ കെ സി വേണുഗോപാലിനെ കാലനെന്ന് വിളിച്ചതാണ് യു.ഡി.എഫിനെ അസ്വസ്ഥരാക്കുന്നത്.
PAC സ്ഥാനത്തിരിക്കുന്ന ഒരാൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാൽ അത് കേട്ടുനിൽക്കാനാകില്ല, ദേശീയപാത വികസനത്തിന്‍റെ കാലനായി അവതരിക്കാനാണ് കെ.സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നുമായിരുന്നു റിയാസിന്‍റെ എഫ് ബി പോസ്റ്റ്. തൊട്ടുപിന്നാലെ റിയാസിനെതിരെ സണ്ണി ജോസഫ് രംഗത്തുവന്നു. യുവരാജാവ് ആണെന്ന തോന്നലിൽ നിന്ന് റിയാസ് താഴെ ഇറങ്ങണമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. കെ സി വേണുഗോപാലിനെതിരെ റിയാസ് കടുത്തവിമര്‍ശനം ഉയര്‍ത്തിയതോടെ ദേശീയപാത തകര്‍ച്ച നിലമ്പൂരില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫിന്‍റെ തീരുമാനം.