ചിത്രം: മനോരമ (സമീര്‍ എ. ഹമീദ്)
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പുനഃസംഘടനയുമുള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ എഐസിസി വിളിച്ച യോഗത്തില്‍ കെ.സുധാകരന്‍ പങ്കെടുക്കില്ല. തിരുവനന്തപുരത്തുണ്ടായിരുന്ന സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങി. എഐസിസി വിളിച്ച യോഗത്തില്‍ ഇന്നലെ ചുമതലയേറ്റെടുത്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്‍റുമാരും യുഡിഎഫ് കൺവീനറും പ്രധാന നേതാക്കളും പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ എല്ലാ മാസവും വിലയിരുത്താന്‍ എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് യോഗം. സംഘടനാപരമായ പൊളിച്ചെഴുത്തുകൾ നടത്താൻ സണ്ണി ജോസഫിന് പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം നേതൃമാറ്റത്തില്‍ അതൃപ്തിയുണ്ടെന്ന് എംപിമാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കെപിസിസി നേതൃമാറ്റം കൂടിയാലോചിച്ചില്ലെന്നാണ് എംപിമാരുടെ പരാതി. ഇതാണ് ചുമതലേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടുനാല്‍ക്കാന്‍ കാരണമെന്നും നേതാക്കള്‍ പറയുന്നു. ശശി തരൂര്‍, എം.കെ.രാഘവന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് ഇന്നലത്തെ ചടങ്ങില്‍ നിന്നൊഴിഞ്ഞ് നിന്നത്.
അതേസമയം, പുനഃസംഘടനയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അതൃപ്തി ഉള്ളതായി അറിയില്ലെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ കൊടിക്കുന്നില്‍ സുരേഷ് എഐസിസിയെ അറിയിക്കുകയാണ് വേണ്ടതെന്നും എല്ലാം എഐസിസി പറയുന്നത് പ്രകാരമാണെന്നെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. പുനഃസംഘടനയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും ഇന്നലത്തെ ചടങ്ങില്‍ ചില നേതാക്കള്‍ പങ്കെടുക്കാതിരുന്നത് മറ്റ് അസൗകര്യങ്ങള്‍ കാരണമാണെന്നുമായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.