കോണ്‍ഗ്രസിന്‍റെ വിമര്‍ശനം തുടരുമ്പോളും കെ.കെ.രാഗേഷിന്‍റെ പുകഴ്ത്തല്‍ പോസ്റ്റിലുറച്ച് ദിവ്യ എസ്. അയ്യര്‍. വിവാദ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കുകയോ വിശദീകരിക്കുകയോ വേണ്ടെന്നാണ് നിലപാട്. അതിനിടെ കോണ്‍ഗ്രസ് പരസ്യപ്രതിഷേധം കുറച്ചെങ്കിലും ദിവ്യയ്ക്ക് സി.പി.എം നേതാക്കളുടെ പിന്തുണ തുടരുകയാണ്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ കര്‍ണനും വിശ്വസ്തതയുടെ മഷിക്കൂടുമൊക്കെയാക്കിയതിന്‍റെ പേരില്‍ വിവാദം പുറത്ത് തുടരുമ്പോള്‍ ആഘോഷമൂഡിലാണ് ദിവ്യ എസ് അയ്യര്‍. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിലാണ് സ്റ്റീഫന്‍ ദേവസിക്കൊപ്പം ദിവ്യ പാടിയത്.
ഏതാണ്ട് ഇതേ സമയം തന്നെയായിരുന്നു മുഖ്യമന്ത്രിയും ദിവ്യയെ പിന്തുണച്ചെത്തിയത്. നിരുപാധികം ദിവ്യയ്ക്കൊപ്പമെന്ന് പറഞ്ഞ് മന്ത്രി വി.ശിവന്‍കുട്ടിയുമെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പിന്തുണച്ചതോടെ രാഷ്ട്രീയ പ്രതിഷേധത്തിനപ്പുറം സര്‍വീസ് ചട്ടപ്രശ്നമില്ലെന്ന് ഉറപ്പിച്ചതോടെ വിവാദത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ദിവ്യ. പരസ്യപ്രതികരണത്തിനുമില്ല. അതേസമയം പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും ഒഴിവാക്കിയേക്കും.