പരസ്പരമുള്ള പഴിചാരൽ രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച നാളെ ഡൽഹിയിൽ. കേരള ഹൗസിൽ ധനമന്ത്രി പ്രഭാത ഭക്ഷണത്തിന് എത്തുമെന്നും ചർച്ച നടക്കുമെന്നും സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു. ഇന്നു വൈകിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുക്കുന്ന അത്താഴ വിരുന്നിലും മുഖ്യമന്ത്രിയും എംപിമാരും പങ്കെടുക്കും.
കേരളത്തിൽ മുടങ്ങുന്ന എല്ലാ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും കാരണം കേന്ദ്രം സാമ്പത്തിക സഹായം തടയുന്നതാണെന്ന ആരോപണം സംസ്ഥാനം ആവർത്തിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി നിർമ്മല സീതാരാമനും തമ്മിൽ കൂടിക്കാഴ്ച നടക്കാൻ പോകുന്നത്. നാളെ രാവിലെ 9 മണിക്ക് കേരള ഹൗസിലെത്തുന്ന ധനമന്ത്രി പ്രഭാത ഭക്ഷണത്തിനുശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു
വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം , പ്രത്യേക പാക്കേജ് അനുവദിക്കണം,ആശാവർക്കർമാർക്കുള്ള സഹായം,വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജി.എസ്.ടി പ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിക്കും. സംസ്ഥാന സർക്കാർ തുടർച്ചയായി കുറ്റപ്പെടുത്തുന്ന സാഹചര്യത്തിൽ ധനമന്ത്രി കേന്ദ്ര നിലപാട് വ്യക്തമാക്കും. അതേസമയം ദീർഘനാളുകൾക്കുശേഷമാണ് ഗവർണറും മുഖ്യമന്ത്രിയും എം പിമാരും ഒന്നിച്ചു പങ്കെടുക്കുന്ന വിരുന്ന് നടക്കുന്നത്. ഇന്ന് വൈകീട്ട് ഏഴുമണിക്ക് കേരള ഹൗസിലാണ് അത്താഴ വിരുന്ന്.മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും നിരന്തരം ഏറ്റുമുട്ടലിലായിരുന്നതിനാൽ ഇത്തരമൊരു വിരുന്ന് നടന്നിരുന്നില്ല.