shashi-tharoor-sudhakaran-2

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരട്ടെയെന്ന് ശശി തരൂര്‍ എം.പി. ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍. പാര്‍ട്ടിയില്‍ ഐക്യം വേണം. അതിന് കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ടതില്ല.  അദ്ദേഹത്തിന്‍റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടി. ഇക്കാര്യങ്ങളില്‍ മറ്റന്നാള്‍ ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ടെന്നും തരൂര്‍. അതേസമയം, പോഡ്കാസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ച് തരൂര്‍. പതിനഞ്ചുദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല. എല്ലാവരും അത് മുഴുവന്‍ കേള്‍ക്കൂവെന്നും തരൂര്‍ പറഞ്ഞു‌.

ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.  തന്നെ മാറ്റിയാല്‍ എന്താണ് കുഴപ്പം, മാറ്റിയാല്‍ അത് സ്വീകരിക്കും. കോണ്‍ഗ്രസില്‍ കിട്ടാവുന്ന എല്ലാം എനിക്കുകിട്ടി, അതില്‍ തൃപ്തനാണ്. ആശങ്കയും ഭയപ്പാടുമില്ല, മാറേണ്ടിവരുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പടുത്ത കേരളത്തിലും അസമിലും ഉടന്‍ നേതൃമാറ്റത്തിന് കോൺഗ്രസ്. കെ.സുധാകരനും ഭൂപന്‍  ബോറയും പിസിസി അധ്യക്ഷസ്ഥാനമൊഴിയും. കെപിസിസി അധ്യക്ഷപദത്തിലേക്ക് അടൂർ പ്രകാശ്, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റമുണ്ടാകും. ഗൗരവ് ഗോഗോയ്, അസം സംസ്ഥാന അധ്യക്ഷനാവും.  അഹമ്മദാബാദ് സെഷന് മുന്നോടിയായി പ്രഖ്യാപനമുണ്ടാവും.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ  കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ്  ഹൈക്കമാൻഡ് വിലയിരുത്തൽ. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഏറെനാളായി ശക്തമാണ്. ഇതുവരെ നടന്ന ചർച്ചകളിൽ അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകളാണ്  ഉയർന്നിട്ടുള്ളത്. മത-സാമുദായിക, ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. ഈഴവ സമുദായത്തില്‍ നിന്ന് തന്നെയാണ് പുതിയ അധ്യക്ഷനെങ്കില്‍ അടൂർ പ്രകാശിനാണ് സാധ്യത. എന്നാല്‍  കേരള കോൺഗ്രസ് വിട്ട് പോയതോടെ യുഡിഎഫില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ ഇല്ലാതായെന്ന പരാതിയുണ്ട്. 

അങ്ങനെയെങ്കില്‍ ബെന്നി ബഹനാനോ റോജി എം.ജോണിനോ നറുക്കുവീഴും. ആന്‍റോ ആന്‍റണിയും അധ്യക്ഷപദവി ആഗ്രഹിക്കുന്നുണ്ട്. വയനാട് അടക്കം 10 ഡിസിസി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ശശി തരൂർ വിവാദം ചർച്ചയാകില്ല. അസമിൽ ലോക്സഭ ഉപനേതാവ് ഗൗരവ് ഗോഗോയ് പാര്‍ട്ടി അധ്യക്ഷനായേക്കും. ഗോഗോയ് ഒഴിയുകയാണെങ്കിൽ സഭാ ഉപനേതാവ് പദവി വേണമെന്ന് ശശി തരൂര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നല്‍കാന്‍ ഇടയില്ല. ഏപ്രിലില്‍ നടക്കുന്ന അഹമ്മദാബാദ് സെഷന് മുമ്പ് പുതിയ നേതൃത്വം ചുമതലയേല്‍ക്കും.

ENGLISH SUMMARY:

Shashi Tharoor MP said that K. Sudhakaran should continue as KPCC president. This is a personal opinion, Tharoor said. There needs to be unity in the party. For that, there is no need to change the KPCC president. He won the by-elections under him. Tharoor said that there will be a discussion on these issues in Delhi the day after tomorrow. Meanwhile, Tharoor stood by what he said in the podcast. There is no need to change his opinion in fifteen days. Everyone should listen to it in its entirety, Tharoor said.