murali-prescence

പ്രവർത്തകരെ ആവേശത്തിലാക്കി, അതൃപ്തി പ്രകടിപ്പിച്ചു മാറി നിന്നിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തി. യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടി വോട്ട് തേടാനാണ് വന്നതെന്നും  മറ്റ്‌ വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഗോദയിൽ  അപ്രസക്തമാണന്നും പറഞ്ഞു. മുരളി പ്രസംഗത്തിൽ ഉടനീളം  സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചു.

 

പാർട്ടി  പറഞ്ഞ സമയത്താണ് പ്രചാരണത്തിന് എത്തിയത് പറഞ്ഞ മുരളി പ്രവർത്തകരുടെ ആവേശക്കടലിലേക്കാണ് വന്നിറങ്ങിയത്. അധ്യക്ഷ പ്രസംഗത്തിൽ  വെടിക്കെട്ട് വരാൻ പോകുന്നുവെന്ന് പറഞ്ഞാണ് വി.കെ. ശ്രീകണ്ഠൺ എം.പി. മുരളിയെ ക്ഷണിച്ചത്. പൂരം കലക്കലിൽ  തുടങ്ങിയ തഗിലൂടെ മുഖ്യമന്ത്രിക്കതിരെ ആക്രമണങ്ങളുടെ ഘോഷയാത്ര.

മുനമ്പം വിഷയത്തിൽ മുസ്‌ലിം കൃസ്ത്യൻ  സമുദായങ്ങളെ ഭിന്നിപ്പിച്ചു നേട്ടം കൊയ്യാനാണ് സർക്കാർ  ശ്രമമെന്നാരോപിച്ച മുരളി ഇത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത് എന്നും പറഞ്ഞു. പിറകെ ആരോഗ്യരംഗത്തെ മോശം സാഹചര്യങ്ങൾ ആയി വിഷയം. കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക  മറന്നു വെച്ചതായിരുന്നു അടുത്ത പരിഹാസത്തിനുള്ള വിഷയം. 

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ രാഹുലിന്‍റെ  വിഡിയോ പ്രത്യക്ഷപ്പെട്ടത്  എ. ഡി.എം. നവീൻ ബാബുവിന്‍റെ മരണത്തിൽ പാർട്ടി നിലപാടിനോട് അതൃപ്തിയുള്ളവർ ചെയ്തതാണ്. വയനാട് ദുരന്തം കൈകാര്യം ചെയ്തതിൽ മേനിപറയുന്ന പിണറായിയുടെ  തൊലിക്കട്ടി ലോകത്തിലെ മുഴുവൻ കണ്ടാമൃഗങ്ങളുടെ തൊലിക്കട്ടി ചേർന്നാലും  ഉണ്ടാവില്ലെന്നായിയുന്നു മറ്റൊരു കളിയാക്കൽ. 

പിന്നെ രാഹുലിന്‌ വോട്ട് ചോദിച്ചു. മാധ്യങ്ങളെ കണ്ടപ്പോൾ  രാഹുലിന്‍റെ പേര് പറയാതിരുന്ന മുരളി പേരെടുത്തു വോട്ട് അഭ്യർഥിച്ചു. സ്ഥാനാർഥിയെ കോൺഗ്രസ് ദേശീയനേതൃത്വം തീരുമാനിച്ചാൽ പിന്നെ വേറെ  വാക്കുകൾ ഇല്ലെന്ന് പറഞ്ഞു തന്നെ ചുറ്റിപ്പറ്റിയുള്ള എല്ലാ ചർച്ചകളും അവസാനിപ്പിച്ചു കൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.നാളെ രാവിലെ  കർഷകരുടെ ട്രാക്ടർ റാലിയിലും മുരളീധരൻ പങ്കെടുക്കും.

ENGLISH SUMMARY:

Disgruntled senior leader K. Muralidharan reached Palakkad for campaigning. He said that he came to seek votes for UDF and other issues are irrelevant in the election