സംസ്ഥാനത്ത് പട്ടികജാതി മന്ത്രിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കുഴല്‍നാടന്‍ പറയുന്നത് ജാതി രാഷ്ട്രീയമാണ്. നിലയും വിലയുമില്ലാത്തവനാണ് കുഴല്‍നാടനെന്നും അദ്ദേഹം ആരോപിച്ചു.
എം.വി. ഗോവിന്ദന്‍റെ വാക്കുകള്‍ ഇങ്ങനെ: 'സ്വത്വരാഷ്ട്രീയമാണ്, ജാതി രാഷ്ട്രീയമാണ് കുഴല്‍നാടന്‍ പറയുന്നത്. രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ആകേണ്ടിയിരുന്ന ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്. രാധാകൃഷ്ണനെതിരെ ഇവര്‍ എന്തെല്ലാം ഇവരെല്ലാം പറഞ്ഞതാണ്. സിപിഐഎം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ഞങ്ങളാണ് രാധാകൃഷ്ണനെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കുഴല്‍നാടന് എന്താണ് പറ്റിയതെന്നാണ് താന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരില്‍ എല്ലാക്കാലത്തും പട്ടികജാതി മന്ത്രി ഉണ്ടായിരുന്നോ? ഉണ്ടായിരുന്നില്ല'. കാര്യ ലാഭത്തിന് വേണ്ടി എന്തും ഉപയോഗിക്കാന്‍ മടിയില്ലാത്ത ജാതിപ്രയോഗമാണ് കുഴല്‍നാടന്‍ നടത്തിയെതന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു. ചേലക്കരയില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കലാശക്കൊട്ട് കളറാക്കാന്‍ മുന്നണികളുടെ നേതാക്കന്‍മാരെല്ലാം ഇന്ന് ചേലക്കരയിലേക്കെത്തും. എം.വി ഗോവിന്ദന് പുറമെ കെ. സുധാകരൻ, കെ. സുരേന്ദ്രൻ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കള്‍ റോഡ് ഷോയിലടക്കം പങ്കെടുക്കും. മൂന്ന് മുന്നണികളുടേയും തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾ എത്തും. ബസ് സ്റ്റാൻഡിന്‍റെ മൂന്നു ഭാഗത്തായാണ് മൂന്ന് കൂട്ടർക്കും സ്ഥലം അനുവദിച്ചിട്ടുള്ളത്. ക്രമസമാധാന പ്രശ്നങ്ങൾ തടയാൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.