വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് അങ്കത്തിന് ഇന്ന് കലാശക്കൊട്ട്. നാലാഴ്ച്ച നീണ്ട ആവേശ പ്രചരണത്തിന് ഇന്ന് അവസാനമാകും. പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറും കളറാക്കാൻ മുന്നണികൾ ഒരുങ്ങി കഴിഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ രാവിലെ 10 ന് ബത്തേരിയിലും ഉച്ചയോടെ തിരുവമ്പാടിയിലും നടക്കും. എൻഡിഎ. സ്ഥാനാർഥി നവ്യ ഹരിദാസ് ബത്തേരി ചുങ്കത്തും എൽഡിഎഫ്. സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലും കലാശക്കൊട്ടില്‍ പങ്കെടുക്കും.
ചേലക്കരയില്‍, ബസ് സ്റ്റാൻഡിൽ മൂന്ന് മുന്നണികളുടേയും തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾ എത്തും. ബസ് സ്റ്റാൻഡിന്‍റെ മൂന്നു ഭാഗത്തായാണ് മൂന്ന് കൂട്ടർക്കും സ്ഥലം അനുവദിച്ചിട്ടുള്ളത്. എം.വി ഗോവിന്ദൻ, കെ. സുധാകരൻ, കെ. സുരേന്ദ്രൻ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കൾ ആവേശംപകരാനെത്തും. ക്രമസമാധാന പ്രശ്നങ്ങൾ തടയാൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം, ട്രോളി വിവാദവും, ഹോട്ടലിലെ രാത്രികാല പരിശോധനയെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളും മാറ്റിനിര്‍ത്തി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പാലക്കാട്ടെ പ്രചരണം ശക്തമാക്കുകയാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥിക്കായി കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണാടിയില്‍ സംഘടിപ്പിക്കുന്ന ട്രാക്ടര്‍ റാലി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി കര്‍ഷക മോര്‍ച്ച സംഘടിപ്പിക്കുന്ന ട്രാക്ടര്‍ റാലിയില്‍ കെ.സുരേന്ദ്രനും പങ്കെടുക്കും. അവശ്യസാധന വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രചരണം ശക്തമാക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. മൂന്ന് സ്ഥാനാര്‍ഥികളും റോഡ് ഷോയും, വാഹനപ്രചരണവുമായി വോട്ട് തേടും. വയനാട്ടിലെയും, ചേലക്കരയിലെയും പരസ്യ പ്രചരണം അവസാനിക്കുന്നതോടെ പാലക്കാട്ടേക്ക് മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളുടെ വരവ് കൂടും.