ചേലക്കരയില്‍ പ്രചാരണത്തിന്‍റെ കലാശംകൊട്ടി മൂന്നു മുന്നണികളും. വര്‍ണ കാവടികളും ബലൂണുകളുമായി പ്രവര്‍ത്തകരെത്തി. ഇനി നിശ്ബദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍.
മൂന്നര ആഴ്ച നീണ്ട പ്രചാരണം. ചേലക്കരയുടെ മുക്കുംമൂലം ഇളക്കിമറിച്ച പ്രചാരണം. ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ ഓരോ ദിവസവും. എണ്ണയിട്ട യന്ത്രംപോലെ മൂന്നു മുന്നണികളും പ്രവര്‍ത്തിച്ചു. മുമ്പെങ്ങും ചേലക്കര കാണാത്ത രീതിയിലായിരുന്നു പ്രചാരണത്തിന്റെ ചേല്. ചേലക്കര മണ്ഡലത്തിന്‍റെ അഞ്ചിടങ്ങളിലായിരുന്നു കലാശക്കൊട്ട് ആഘോഷമാക്കിയത്. പ്രധാന വേദി ചേലക്കര ബസ് സ്റ്റാന്‍ഡ് ആയിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് പിന്തുണയുമായി പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എത്തിയിരുന്നു. പാട്ടിനൊപ്പം ചുവടുകള്‍വച്ച് ഇരുവരും ആഘോഷമാക്കി. കണ്ടുനിന്ന പ്രവര്‍ത്തകര്‍ക്ക് ഇതു കണ്ടപ്പോള്‍ ഇരട്ടി ആവേശവും.
നല്ലചേലോടെ ആരാകും നിമയസഭയില്‍ എത്തുക. സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസത്തിന്റെ കാരണമെന്ത്? ത്രിവര്‍ണ, കാവി, ചുവപ്പന്‍ ബലൂണുകള്‍ ചേലക്കരയുടെ മാനത്ത് പറന്നുകളിച്ചു. വോട്ടഭ്യര്‍ഥന ഉച്ചഭാഷണികളില്‍ തുടര്‍ച്ചയായി മുഴങ്ങി. കൃത്യം ആറു മണിയായതോടെ പ്രചാരണം നിര്‍ത്തി മൂന്നു മുന്നണി പ്രവര്‍ത്തകരും അച്ചടക്കം കാട്ടി. കലാശക്കൊട്ട് പൊതുവെ സമാധാനപരമായിരുന്നു. വോട്ടര്‍മാര്‍ മറ്റന്നാള്‍ പോളിങ് ബൂത്തില്‍ എത്തും.