കേരള സര്‍വകലാശാലയ്ക്ക് കീഴിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വമ്പന്‍ ജയം. 77 ല്‍ 64 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. ഒന്നര നൂറ്റാണ്ടിന്‍റെ ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്‍റെ വനിതാ സാരഥിയായി എന്‍.എസ് ഫരിഷ്ത തിരഞ്ഞടുക്കപ്പെട്ടു. പലയിടങ്ങളിലും എസ്.എഫ്.ഐ– കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
158 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് എസ്എഫ്ഐ കോട്ടയായ യൂണിവേഴ്സിറ്റി കോളജില്‍ വനിതാ സാരഥിയെത്തുന്നത്. 1427 വോട്ടു നേടിയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കെഎസ്‍യുവിന്‍റെ എ.എസ് സിദ്ധിയെയാണ് തോല്‍പിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ് ഫരിഷ്ത. കോളജില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു.
തിരുവനന്തപുരം വിമന്‍സ് കോളജ്, തോന്നയ്ക്കല്‍ എ.ജെ കോളജ് , പെരിങ്ങമല ഇഖ്ബാല്‍ കോളജ്, നെടുമങ്ങാട് ഗവണ്‍മെന്‍റ് കോളജ്, കിളിമാനൂര്‍ ശ്രീശങ്കര കോളജ്, മണക്കാട് നാഷണല്‍ കോളജ് ഉള്‍പ്പെടെ 64 കോളജുകളില്‍ എസ്.എഫ്.ഐയ്ക്കാണ് വിജയം.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് കെ.എസ്.യു നില നിര്‍ത്തി. കൊല്ലം ശ്രീ വിദ്യാധിരാജ കോളജ് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഫാത്തിമാ മാതാ കോളജ് 13 വര്‍ഷങ്ങള്‍ക്ക് ശേഷവും കെ.എസ്.യു പിടിച്ചെടുത്തു.
ആലപ്പുഴ എസ്.ഡി കോളജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍, കൗണ്‍സിലര്‍ സ്ഥാനങ്ങളില്‍ കെ.എസ്.യു വിജയിച്ചു. പെരിങ്ങമല ഇക്ബാല്‍ കോളജില്‍ യൂണിയന്‍ എസ്.എഫ്.ഐ നേടിയെങ്കിലും ചെയര്‍മാന്‍ സ്ഥാനം കെ.എസ്.യു നേടി.
കൊല്ലം പുനലൂർ എസ്എൻ കോളജിൽ എസ്.എഫ്.ഐ –എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശി. എ.ഐ.എസ്.എഫ് പാനല്‍ വിജയിച്ചതോടൊയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് എസ്.എഫ്.ഐയെ തോല്‍പ്പിച്ച് എ.ഐ.എസ്.എഫ് വിജയിച്ചത്.
തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായി. പരുക്കേറ്റവരുമായി കെ.എസ്.യു പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വിജയിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനത്തിനിടെ തോന്നയ്ക്കൽ എജെ കോളജിലും എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷമുണ്ടായി.