തൃശൂരില്‍ ആര്‍എസ്എസ് ക്യാംപിനിടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയെ എഡിജിപി എം.ആര്‍. അജിത്കുമാര്‍ കണ്ട വിവരം ചോര്‍ന്നതില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ആര്‍എസ്എസ് തയ്യാറെടുക്കുകയാണ്. വിവരം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരാണ് ചോര്‍ത്തിക്കൊടുത്തതെന്നും സംഘം അന്വേഷിക്കും. മുതിര്‍ന്ന നേതാവായ ഹൊസബല്ലെയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴത്തിലും ആര്‍.എസ്.എസിന് വലിയ അമര്‍ഷമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ച സമയത്തുപോലും പുറത്തുവരാത്ത ഈ വിവരം പി.വി.അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തിന് പിന്നാലെ ചോര്‍ന്നതില്‍ ചിലര്‍ക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സംഘപരിവാര്‍ നേതൃത്വം സംശയിക്കുന്നു. വിവാദങ്ങളിലൂടെ ഹൊസബല്ലെയെയും പൂരം കലക്കിയായി ചിത്രീകരിക്കുന്നതിലും നേതൃത്വം അമര്‍ഷത്തിലാണ്. സന്ദര്‍ശനത്തിന് തെളിവുകളുണ്ടെന്ന സതീശന്റെ വാദം ഗൗരവത്തോടെ കാണുന്ന ആര്‍.എസ്.എസ് കരുതലോടെയാണ് ഈ പ്രശ്നത്തെ സമീപിക്കുന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് അറിയാമായിരുന്ന രണ്ടുപേര്‍ പ്രാന്ത പ്രചാരക് എസ്. സുദര്‍ശനും വിശേഷ് സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാറുമാണ്.
ഇവര്‍ക്കപ്പുറം ഈ വിവരം മറ്റ് ആര്‍ക്കൊക്കെ അറിയാം എന്ന കാര്യവും സംഘം പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള പൊലീസ് ഓഫിസറെ സംഘത്തിന്റെ പ്രധാന യോഗസ്ഥലത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അജിത്കുമാറിന്റെ സന്ദര്‍ശനോദ്ദേശം മുന്‍കൂട്ടി മനസിലാക്കേണ്ടതായരുന്നുവെന്നും ആര്‍.എസ്. എസ്. വിലയിരുത്തുന്നു.