മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും പ്രതിരോധത്തിലാകില്ലെന്നും ഇതൊക്കെ പുറത്ത് വന്നത് പാര്‍ട്ടിയും സര്‍ക്കാരും വിഷയം വിശദമായി പരിശോധിച്ചത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം,മുകേഷിനെ സംരക്ഷിക്കാനുള്ള പാര്‍ട്ടി നിലപാടിനെതിരെ ഒരുവിഭാഗം അമര്‍ഷം അറിയിച്ചിട്ടുണ്ട്. എം.എല്‍.എ സ്ഥാനം രാജിവയ്പ്പിക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍ അമര്‍ഷം അറിയിച്ചത്. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച നേതാവല്ല മുകേഷെന്നും നേതാക്കളില്‍ ചിലര്‍ നിലപാടെടുത്തി. കൊല്ലത്ത് ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. മനോരമന്യൂസാണ് മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന സിപിഎം നിലപാട് പുറത്തുവിട്ടത്.
അതിനിടെ, ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ പരാതി നല്‍കി. കലണ്ടര്‍, നാടകമേ ഉലകം എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ മുകേഷിന്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവം മിനു മുനീര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ജി പൂങ്കുഴലിയുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇ മെയിലില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. മുകേഷ് തന്‍റെ സുഹൃത്തായ നടിയുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് സന്ധ്യയും വെളിപ്പെടുത്തിയിരുന്നു.