സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായി എം.എം.മണി എം.എല്‍.എ. ദൈവം തമ്പുരാന്‍ വിചാരിച്ചാലും ഇടുക്കിയില്‍ നിന്ന് ആളുകളെ ഇറക്കിവിടാനാവില്ല. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്‍റും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയുവിന്‍റെയും കെഎസ്കെടിയുവിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വനംവകുപ്പിന്‍റെ ശാന്തന്‍പാറ സെക്ഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മണിയുടെ വിമര്‍ശനം.
'വനം വകുപ്പ് നിലവിലുള്ള വനം സംരക്ഷിച്ചാല്‍ മതി. വനം ഉണ്ടാക്കാന്‍ നോക്കേണ്ട. വനം വകുപ്പിനെ മാത്രമല്ല, റവന്യൂ വകുപ്പിനെയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയില്‍ ജീവിക്കുന്നവര്‍ക്കുള്ളത്. ആളുകള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണം. വനം വകുപ്പ് ഇനിയും പ്രശ്നമുണ്ടാക്കിയാല്‍ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നടക്കാന്‍ വിഷമിക്കുമെന്നും മണി ഭീഷണി മുഴക്കി. ഗവണ്‍മെന്‍റ് നമ്മുടേതാണെന്ന് നോക്കേണ്ടതില്ല. കലക്ട്രേറ്റിലേക്കും വേണ്ടി വന്നാല്‍ സെക്രട്ടേറിയറ്റിലേക്കും സമരം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, വനഭൂമി വര്‍ധിപ്പിക്കാനുള്ള വനംവകുപ്പിന്‍റെ ഗൂഢനീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.