പിഎസ്‌സി കോഴ വിവാദത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയെന്ന് നേതൃത്വം വിലയിരുത്തി. മറ്റുചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.
ഇതിനിടെ വിവാദത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ സിപിഎം ടൗൺ ഏരിയ കമ്മിറ്റിയംഗത്തോട് വിശദീകരണം തേടാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാല്‍ പരാതിയെപ്പറ്റി അറിയില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാദം. താന്‍ ആരുടെയും ഒരു പൈസയും വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളിയും അവകാശപ്പെട്ടു.
22 ലക്ഷം രൂപ നൽകിയതിന്റെ സാഹചര്യമാണ് പ്രധാനമായും പൊലീസ് പരാതിക്കാരിൽ നിന്ന് ചോദിച്ചറിഞ്ഞത്. അംഗത്വത്തിനായി 20 ലക്ഷം രൂപയും മറ്റ് ചിലവുകൾക്കായി 2 ലക്ഷം രൂപയും നൽകിയെന്ന് പരാതിക്കാർ പൊലീസിന് മൊഴി നൽകി. എന്നാൽ പരാതി പാർട്ടിയോട് മാത്രമേ പറയൂ. പൊലീസിന് നൽകില്ലെന്നും പരാതിക്കാർ അറിയിച്ചു. അതിനിടെ ഇന്ന് ചേർന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാൻ തീരുമാനിച്ചു.
പ്രമോദ് കോട്ടൂളി ഇതിനോടകം തന്നെ കാര്യങ്ങൾ പാർട്ടിയോട് വിശദീകരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ വിശദീകരണം തേടൽ. മറുപടി ലഭിച്ചശേഷം ആകും നടപടി. ഈ മാസം 13ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റിയോഗവും ചേരുന്നുണ്ട്. ഇതിനുശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വത്തിന്.