alappuzha-cpm

എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം  സ്വീകരിച്ച പൊതു നിലപാടിന് വിരുദ്ധമായി വെള്ളാപ്പള്ളിയെ ന്യായീകരിച്ച് പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ എം.എൽ.എ മാരായ എച്ച് സലാമും പി.പി. ചിത്ത രഞ്ജനും. മലബാറിൽ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമാണോ എന്ന് സെക്രട്ടേറിയറ്റിലെ തിരഞ്ഞെടുപ്പ് അവലോകന ചർച്ചയിൽ എച്ച്.സലാം ചോദിച്ചു. 

ഏതെങ്കിലും പ്രത്യേക സമുദായത്തിൻ്റെ മാത്രമല്ല,എല്ലാ വിഭാഗത്തിൻ്റെയും വോട്ടു ചോർന്നുവെന്ന് സലാം പറഞ്ഞു. എച്ച്.സലാം പറഞ്ഞതിനെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ച് പി.പി. ചിത്തരഞ്ജൻ എം.എല്‍.എയും രംഗത്തുവന്നു. ധനം, ആരോഗ്യ വകുപ്പ്  മന്ത്രിമാർക്ക് എതിരെ  രൂക്ഷവിമർശനമാണ് സെക്രട്ടേറിയറ്റിൽ ഉയർന്നത്. ധന - ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമെന്ന് ചില അംഗങ്ങൾ തുറന്നടിച്ചു. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. മുഖ്യമന്ത്രിക്കെതിരെ  കാര്യമായ വിമർശനം ഉണ്ടായില്ല. 

മുതിർന്ന നേതാവായ ജി.സുധാകരനെതിരെയും കടുത്ത വിമർശനം ഉയർന്നു. സുധാകരനിൽ നിന്നുണ്ടാകുന്നത് മുതിർന്ന നേതാവിന് യോജിക്കാത്ത പ്രതികരണങ്ങളാണ്. ഇത് പൊതു സമൂഹത്തിലും പാർട്ടി പ്രവർത്തകരിലും ആശയക്കുഴപ്പം ഉണ്ടാക്കി. 

ജി സുധാകരന് പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ  എച്ച്.സലാം പരസ്യമായി മറുപടി പറഞ്ഞത് ശരിയായില്ലെന്ന വിലയിരുത്തലും ഉണ്ടായി. സർക്കാരിനെതിരായ തെറ്റിദ്ധാരണകൾക്ക് യഥാസമയം മറുപടി പറയാനാകാത്തതും

ക്ഷേമപെൻഷൻ കിട്ടാത്തതും പാർട്ടി അനുഭാവികളിലും അത്യപ്തിക്ക് കാരണമായെന്നും ചില അംഗങ്ങൾ തോൽവിക്ക് കാരണമായി ചുണ്ടിക്കാട്ടി. ഇന്ന് ദ്വിദിന ജില്ലാ കമ്മിറ്റി യോഗം ആരംഭിക്കും.

ENGLISH SUMMARY:

CPM MLAs defended Vellappally Natesan