പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയാവുമെന്ന ചര്‍ച്ചയ്ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയെന്ന് ഡിസിസി നേതൃത്വം. മികച്ച പോരാട്ടം നടത്തി ഏറെ അനുഭവസമ്പത്തുള്ള കരുത്തുറ്റ നേതാവാണ് മുരളീധരന്‍. വടകരയ്ക്ക് പകരമായി പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ധാരണയെന്ന പ്രചരണത്തില്‍ കഴമ്പില്ലെന്നും ഡി.സി.സി.സി പ്രസിഡന്‍റ് എ.തങ്കപ്പന്‍ മനോരമ ന്യൂസിനോട്.
സ്ഥാനാർഥി ചർച്ച തുടങ്ങിയില്ല. മുന്‍കൂട്ടി പ്രചരണത്തിനിറങ്ങാന്‍ നേതൃത്വം ആരോടും നിര്‍ദേശിച്ചിട്ടുമില്ല. ഈ മട്ടിലാണ് ചര്‍ച്ചയുടെ ഗതിയെങ്കിലും അന്തരീക്ഷത്തിൽ സ്ഥാനാര്‍ഥികളായി നിരവധി പേരുകാരുണ്ട്. ഇതിന്റെ മുന്‍നിരയിലേക്കാണ് അപ്രതീക്ഷിതമായി കെ.മുരളീധരന്റെ പേര് വന്നത്. കരുത്തുറ്റ സ്ഥാനാർഥിയെന്ന മട്ടിൽ നേതൃത്വം ആരെ നിശ്ചയിച്ചാലും സ്വാഗതമെന്ന് ഡി.സി.സി.
അദ്ദേഹം എവിടെയും മല്‍സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണ്. ഫൈറ്ററാണ്. അതുകൊണ്ടാണ് അത്തരത്തില്‍ പേരുയര്‍ന്ന് വരുന്നത്. ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും ഒരേമനസോടെ പ്രവര്‍ത്തിച്ച് പാലക്കാട് നിലനിര്‍ത്തുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് പറയുന്നു, വടകരയ്ക്ക് പകരം പാലക്കാട് കോൺഗ്രസ് ബി.ജെ.പി ഡീലെന്ന് പറയുന്നവരോട്, അങ്ങനെ ഒരു ഡീലുമില്ല. പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മല്‍സരം. സമീപ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേരാണ് മല്‍സരം. പിന്നെങ്ങനെയാണ് ഡീലൈന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആലത്തൂരിലെ തോൽവി പറഞ്ഞ് തന്നെയും സ്ഥാനാർഥിയെയും തെറ്റിക്കാൻ നോക്കേണ്ടെന്നും ഡി.സി.സി പ്രസിഡന്റ്.
അവര്‍ക്ക് തന്നെക്കുറിച്ച് യാതൊരു പരാതിയുമില്ല. ഒരിടത്തും പരാതി പറഞ്ഞതായും അറിവില്ല. ആലത്തൂരിലെ പരാജയം അന്വേഷിക്കാന്‍ ഇതുവരെ അന്വേഷണ സമിതിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ പരാജയത്തിന് പിന്നാലെ കെ.മുരളീധരന്‍ പാലക്കാട്ടേക്കെന്ന ചര്‍ച്ച ഉയര്‍ന്നതോടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ അഭിവാദ്യ ഫ്ളക്സുയര്‍ന്നതും ശ്രദ്ധേയമാണ്.