Image Credit: Facebook

Image Credit: Facebook

വയനാട്ടിൽ തുടരണോ അതോ റായ്ബറേലി വേണോ എന്ന കാര്യത്തിൽ തനിക്ക്‌ ധർമസങ്കടമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിന് പിന്നാലെ, 

വയനാടിനും റായ്ബറേലിക്കും സന്തോഷിക്കാനാവുന്ന തീരുമാനമുണ്ടാകുമെന്ന് ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ ഈ തീരുമാനത്തിന്റെ വിശദാംശങ്ങൾ എന്താണെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഗാന്ധിയെ ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ എന്നാണ് ഷാഫി പറമ്പിൽ വിശേഷിപ്പിച്ചത്. 

വയനാടിന്‍റെ കാര്യത്തിൽ  ഇതുവരേയും തീരുമാനം എടുക്കാനായിട്ടില്ലെന്നും വയനാട്, റായ്ബറേലി മണ്ഡലങ്ങളിലുള്ളവർക്ക് സന്തോഷമുള്ള തീരുമാനമാണ് കൈക്കൊള്ളുകയെന്നും അല്പനേരം മുമ്പ് രാ​ഹുൽ ​ഗാന്ധി പ്രതികരിച്ചിരുന്നു.  മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധിയ്ക്ക് ഊഷ്മള വരവേൽപാണ് ലഭിച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നതെന്ന് പറഞ്ഞ രാഹുല്‍ വേദിയില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടി. എടവണ്ണയിൽ നടന്ന 100 മീറ്റർ മാത്രം നീണ്ട റോഡ് ഷോയിലും ആയിരങ്ങൾ പങ്കെടുത്തു. 

കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ തുടങ്ങി മുഴുവൻ നേതാക്കളും സ്വീകരണ പരിപാടിക്ക് എത്തിയിരുന്നു. എടവണ്ണയിലെ പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി കൽപ്പറ്റയിലേക്ക് തിരിച്ചു. 

പ്രസംഗത്തിലുടനീളം പ്രാധാനമന്ത്രിയെ വിമർശിച്ചും പരിഹസിച്ചുമായിരുന്നു  രാഹുൽ സംസാരിച്ചത്. അന്വേഷണ ഏജൻസികൾ കയ്യിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി മോദി കണ്ടുവെന്നും എന്നാൽ രാജ്യത്തെ ജനങ്ങൾ കാര്യം മനസിലാക്കി കൊടുത്തുവെന്നും ആഞ്ഞടിച്ചു. ഈ തിരഞ്ഞെടുപ്പിലൂടെ ഭരണഘടനയെ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തി. അയോധ്യയിൽ  ബിജെപി തോറ്റു. മോദി തന്നെ കഷ്ടിച്ചാണ് വിജയിച്ചത്. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Shafi Parambil facebook post about rahul gandhi and wayanad