ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രണ്ടുകോര്‍പറേഷനുകളിലും നൂറുപഞ്ചായത്തുകളിലും ഭരണം നേടണമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. ആലപ്പുഴയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശോഭാസുരേന്ദ്രന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ട് സംസ്ഥാന സമിതി പുനഃസംഘടിപ്പിക്കും.
ലോക്സഭയില്‍ അക്കൗണ്ട് തുറക്കുകയും ഇരുപതുശതമാനത്തിനടുത്ത് വോട്ടുവിഹിതം വര്‍ധിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഒരുടേം കൂടി നല്‍കും. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സുരേന്ദ്രനോട് തുടരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം. ആവശ്യപ്പെട്ടത്. ജെ.പി നഡ്ഡ മാറി പുതിയ ദേശീയ അധ്യക്ഷന്‍ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാര്‍ മാറുമ്പോള്‍ സുരേന്ദ്രനും മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുരേന്ദ്രമാത്രമല്ല തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈയും തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. അടുത്തവര്‍ഷം വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തിരുവനന്തപുരം തൃശൂര്‍ കോര്‍പറേഷനുകളില്‍ ഭരണം നേടണമെന്നും കോഴിക്കോട്, കൊല്ലം കണ്ണൂര്‍ കോര്‍പറേഷനുകളില്‍ നിര്‍ണായക ശക്തിയാകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. നൂറുപഞ്ചായത്തുകളിലും കുറഞ്ഞത് ഇരുപത്തഞ്ച് മുനിസിപ്പാലിറ്റികളിലും ഭരണം നേടണം. ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് കെ. സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനസമിതിയില്‍ അഴിച്ചുപണി ഉണ്ടാകും. ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായതോടെ ജനറല്‍ സെക്രട്ടറി പദവി ഒഴിയും. ആലപ്പുഴയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാന ഉപാധ്യക്ഷകൂടിയായ ശോഭാ സുരേന്ദ്രന്‍, തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തിന് ചുക്കാന്‍ പിടിച്ച ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍, ബി.ജെ.പിക്ക് അരലക്ഷത്തിലേറെ വോട്ടു കൂടിയ ആറ്റിങ്ങലിന്റെ ചുമതല വഹിച്ച സംസ്ഥാന സെക്രട്ടറിയായ എസ്.സുരേഷ് തുടങ്ങിയവരെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നുണ്ട്.